sreenath-bhasi

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്ക് എതിരെ വീണ്ടും കേസ്. വാഹനം ഇടിച്ച ശേഷം നിര്‍ത്താതെ പോയെന്ന എറണാകുളം മട്ടാഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് കേസ്. സംഭവത്തില്‍ നടനെ അറസ്റ്റ് ചെയ്ത പോലീസ് പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. വാഹനം ഇടിച്ച ശേഷം നിര്‍ത്താതെ പോയി എന്നാണ് മട്ടാഞ്ചേരി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

അതേസമയം, സംഭവത്തില്‍ നടനെതിരെ ഗുരുതരമായ വകുപ്പുകളൊന്നും ചുമത്തിയിട്ടില്ലെന്നും നടപടിക്രമങ്ങളുടെ ഭാഗമായി മാത്രമാണ് വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തിയതെന്നുമാണ് പൊലീസ് പറയുന്നത്. കൊച്ചി കുണ്ടന്നൂരില്‍ ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടനെ പൊലീസ് കഴിഞ്ഞയാഴ്ച ചോദ്യം ചെയ്തിരുന്നുവെങ്കിലും പിന്നീട് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഈ കേസില്‍ ഓംപ്രകാശിനെ ഹോട്ടല്‍ മുറിയില്‍ സന്ദര്‍ശിച്ചതിനാണ് പൊലീസ് നടനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.

ഓംപ്രകാശുമായി ലഹരി ഇടപാടില്‍ ഏര്‍പ്പെട്ടിരുന്നുവോ എന്ന കാര്യം ചോദിച്ചറിയുകയെന്നതായിരുന്നു പൊലീസിന്റെ ലക്ഷ്യം. എന്നാല്‍ ഈ കേസില്‍ സിനിമാ താരങ്ങള്‍ക്ക് ആര്‍ക്കും തന്നെ ബന്ധമില്ലെന്നും അന്വേഷണം തുടരും എന്നുമാണ് പൊലീസിന്റെ നിലപാട്. ലഹരി കേസില്‍ ചോദ്യം ചെയ്യലിന് വിളിച്ച് വരുത്തിയപ്പോള്‍ ലഹരി ഉപയോഗം സംബന്ധിച്ച രക്ത സാമ്പിള്‍ പരിശോധനയ്ക്ക് ഉള്‍പ്പെടെ നടന്‍ തയ്യാറായിരുന്നുവെങ്കിലും പൊലീസ് ഇത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.