office

ജോലി സ്ഥലം എന്നത് രണ്ടാം വീട് പോലെ കണക്കാക്കണം എന്നാണ് പറയപ്പെടുന്നത്. കാരണം സ്വന്തം വീട് കഴിഞ്ഞാല്‍ പിന്നെ ഒരു മനുഷ്യന്‍ ദിവസവും ഏറ്റവും അധികം സമയം ചിലവിടുന്നത് ജോലിസ്ഥലങ്ങളിലാണ്. അതുകൊണ്ട് തന്നെ ജോലിസ്ഥലത്തെ അന്തരീക്ഷം മികച്ചത് അല്ലെങ്കില്‍ അത് മാനസികമായി നമ്മെ ബാധിക്കുകയും ചെയ്യും. അടുത്തിടെ ജോലിസ്ഥലത്തെ തന്റെ അനുഭവത്തെക്കുറിച്ച് ഒരു യുവാവ് പങ്കുവച്ച കുറിപ്പ് സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.

മണിക്കൂറുകളോളം അധികം ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യം. അതും ഒന്നോ രണ്ടോ മണിക്കൂര്‍ ഒന്നുമല്ല, എട്ട് മണിക്കൂറിന് പകരം 14 മണിക്കൂറാണ് ജോലി സമയം. വര്‍ക് ലൈഫ് ബാലന്‍സിനെ കുറിച്ച് തന്റെ പ്രോജക്റ്റ് മാനേജറോട് സംസാരിച്ചപ്പോള്‍ പരിഹാസമായിരുന്നു മറുപടിയെന്നും യുവാവ് പറയുന്നു. ശ്രേയസ് എന്ന യുവാവാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം റെഡിറ്റില്‍ കുറിച്ചത്. വര്‍ക് ലൈഫ് ബാലന്‍സ് എന്നൊക്കെ പറയുന്നത് ഇന്ത്യയില്‍ നടപ്പില്ലെന്നും അതൊക്കെ പാശ്ചാത്യരുടെ ആശയമാണെന്നും മാനേജര്‍ ശ്രേയസിനെ പരിഹസിച്ചു.

വായനക്കും വ്യായാമത്തിനുമായി സമയം ചിലവഴിക്കുന്നതിനുള്ള തന്റെ ആഗ്രഹത്തെ അദ്ദേഹം പരിഹസിച്ചു, അതിനെ ഒരു ഒഴിവുകഴിവെന്ന നിലയില്‍ തള്ളികളഞ്ഞു. പ്രതിഫലമില്ലാതെ 12 മുതല്‍ 14 മണിക്കൂര്‍ വരെ ജീവനക്കാര്‍ ജോലി ചെയ്യണമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. എന്നാല്‍ സാഹചര്യവശാല്‍ അധികസമയം ജോലി ചെയ്യുന്നത് തനിക്കൊരു പ്രശ്‌നമായിരുന്നില്ല, എന്നാല്‍ ഓഫീസിനു പുറത്തുള്ള ജീവിതത്തെ പറ്റിയുള്ള തന്റെ പരാമര്‍ശത്തെ മാനേജര്‍ പരിഹസിച്ചതും വിമര്‍ശിച്ചതും ആശങ്കയിലാക്കി. ഓഫീസ് അന്തരീക്ഷം ചൂഷണം നിറഞ്ഞതാണെന്നും ശ്രേയസ് കൂട്ടിച്ചേര്‍ത്തു.

അധിക സമയം ജോലി ചെയ്യുന്നതിന് ഒരു രൂപ പോലും അധികം തരാന്‍ കമ്പനി തയ്യാറല്ലെന്നതാണ് മറ്റൊരു കാര്യം. തൊഴില്‍ ചൂഷണത്തിനെതിരെ രാജ്യത്തെ പുതിയ യുവത്വം പ്രതികരിക്കുമെന്നതിന്റെ തെളിവാണിതെന്നും യുവാവിന്റെ കുറിപ്പിനെ അഭിനന്ദിച്ച് ആളുകള്‍ അഭിപ്രായപ്പെട്ടു. ലോകത്ത് നിരവധി കമ്പനികള്‍ തൊഴിലാളികളുടെ മാനസികാരോഗ്യത്തിന് വലിയ പ്രാധാന്യം നല്‍കുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്നത് ഞെട്ടിക്കുന്നുവെന്നും നിരവധിപേര്‍ അഭിപ്രായം രേഖപ്പെടുത്തി. എന്തായാലും കമ്പനിയുടെ വിചിത്ര മാനദണ്ഡങ്ങള്‍ അംഗീകരിക്കാതെ ശ്രേയസ് ആദ്യ ദിനം തന്നെ ജോലിയില്‍ നിന്ന് രാജിവെച്ചു.