
തിരുവനന്തപുരം: സി കെ നായിഡു ട്രോഫിയിൽ ചണ്ഡീഗഢിനെതിരെ കേരളത്തിന് മികച്ച സ്കോർ. ഷോൺ റോജറിൻ്റെ (165) സെഞ്ച്വറി മികവിൽ കേരളം ആദ്യ ഇന്നിംഗ്‌സിൽ 384റൺസെടുത്തു. രണ്ടാം ദിവസം കളി നിർത്തുമ്പോൾ ചണ്ഡീഗഢ് ഒന്നാം ഇന്നിംഗ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 245 റൺസെടുത്തിട്ടുണ്ട്.
ഏഴ് വിക്കറ്റിന് 325 റൺസെന്ന നിലയിൽ രണ്ടാം ദിവസം കളിയാരംഭിച്ച കേരളത്തിന് 59 റൺസ് കൂടി മാത്രമാണ് ചേർക്കാനായത്. 14 ഫോറും നാല് സിക്സുമടക്കം 165 റൺസെടുത്ത ഷോണിൻ്റെ ഉജ്ജ്വല ഇന്നിങ്സാണ് കേരളത്തിന് കരുത്തായത്. ഏഴാമനായെത്തി അർദ്ധ സെഞ്ച്വറി നേടിയ ആസിഫ് അലി(74)ഷോണിന് മികച്ച പിന്തുണ നൽകി. ഇരുവരും ആറാം വിക്കറ്റിൽ 166 റൺസ് കൂട്ടിച്ചേർത്തിരുന്നു.
ചണ്ഡിഗഢിന് വേണ്ടി ഇവ്രാജ് രണൌട്ട ഏഴ് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡീഗഢിന് ഓപ്പണർമാരായ ദേവാങ് കൌശിക്കും അർണവ് ബൻസലും ചേർന്ന് മികച്ച തുടക്കമാണ് നല്കിയത്. ഇരുവരും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടിൽ 92 റൺസ് പിറന്നു. അർണവ് ബൻസൽ 62 റൺസെടുത്ത് പുറത്തായി. ദേവാങ് കൌശിക്ക് 83 റൺസുമായി പുറത്താകാതെ നില്ക്കുകയാണ്. 49 റൺസുമായി നിഖിലും ക്രീസിലുണ്ട്. കേരളത്തിന് വേണ്ടി കിരൺ സാഗർ രണ്ട് വിക്കറ്റും ഷോൺ റോജറും ജെ എസ് അനുരാജും ഓരോ വിക്കറ്റും വീഴ്ത്തി.