marine-drive

കൊച്ചി: നഗരത്തിന്റെ സാംസ്കാരികമുഖം മിനുക്കുന്നതിന് പുതിയ നയരേഖയുമായി കൊച്ചി കോർപ്പറേഷൻ . കോ‌ർപ്പറേഷന്റെ നിർദ്ദേശപ്രകാരം മഹാത്മാഗാന്ധി സർവകലാശാല

സെന്റർ ഫോർ അർബൻ സ്റ്റഡീസും സി ഹെഡും ചേർന്നാണ് കരട് രൂപം തയ്യാറാക്കിയത്. 11 ഉപ വിഭാഗങ്ങളുണ്ട്. നയരഖേയുടെ കരട് മഹാത്മാഗാന്ധി സർവകലാശാല സെന്റർ ഫോർ അർബൻ സ്റ്റഡീസ് ഡയറക്ടർ മാത്യു എ. വർഗീസ് അവതരിപ്പിച്ചു. കൊച്ചിയുടെ സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖർ, വിവിധ സാംസ്‌കാരിക സംഘടന പ്രതിനിധികൾ, വിദ്യാഭ്യാസ പ്രവർത്തകർ, ജനപ്രതിനിധികൾ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

11 വിഭാഗങ്ങൾ

സുസ്ഥിര വികസനത്തിനായുള്ള നഗരനയം, ഭാഷാസംസ്‌കാരം, പ്രായോഗിക വാസ്തുവിദ്യ, പ്രായോഗികകല, കൊച്ചിയുടെ കൾച്ചറൽ ഹബ് രൂപരേഖ, പാരിസ്ഥിതികവും കാലാവസ്ഥാപരവുമായ സാംസ്കാരികത, ലിംഗസമത്വ സമഗ്രത, പരിസ്ഥിതി സംസ്കാരം, സംസ്‌കാരത്തെ പ്രവർത്തനക്ഷമമാക്കുന്ന ആധുനിക സാങ്കേതികവിദ്യ, ശിശുകേന്ദ്ര ഇടങ്ങൾ തുടങ്ങിയ പതിനൊന്ന് ഉപവിഭാഗങ്ങളായി തിരിച്ചുകൊണ്ടുള്ള നയരേഖാ നിർദ്ദേശങ്ങളാണ് കരടിലുള്ളത്.

നിർദ്ദേശങ്ങൾ

കൊച്ചിയുടെ കാർഷികസംസ്കാരം, ഭക്ഷണ വൈവിദ്ധ്യം, ഭാഷാ സംസ്‌കാരം, ലോകത്തിലെ പ്രധാന കടലോരനഗരം എന്ന നിലയിൽ കൊച്ചിയുടെ മറ്റ് നഗരങ്ങളുമായുള്ള സാംസ്കാരിക ബന്ധങ്ങൾ, ജൈവ വൈവിദ്ധ്യം, തൊഴിൽസംസ്കാരം, ഗതാഗത ചരക്കുനീക്ക സംസ്‌കാരം, പക്ഷി നിരീക്ഷണ സംസ്കൃതികൾ, ദേശീയ അന്തർദ്ദേശീയ സംസ്‌കാരങ്ങളുടെ സമന്വയം തുടങ്ങിയവകൂടി സംസ്‌കാരിക നയരേഖയുടെ ഭാഗമാക്കണമെന്ന് വിവിധ മേഖലകളിൽ നിന്നെത്തിയവർ അഭിപ്രായപ്പെട്ടു.

അഭിപ്രായം പറയാം

കൊച്ചിയുടെ സാംസ്‌കാരിക നയരേഖയുടെ കരട് പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന രീതിയിൽ ഉടൻ പ്രസിദ്ധീകരിക്കും. പ്രസിദ്ധീകരിച്ച തീയതി മുതൽ ഒരു മാസം താത്പര്യമുള്ളവർക്കെല്ലാം നയരേഖയുടെ കരടിൽ അഭിപ്രായം എഴുതി അറിയിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തും.

എല്ലാ മേഖലകളിലും പ്രവ‌‌ർത്തിക്കുന്നവരുടെ അഭിപ്രായങ്ങൾ ലഭിച്ചാൽ മാത്രമേ നയരേഖ പൂർണമാകൂ.

മൂല്യവത്തായ അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് കൊച്ചിയുടെ സമഗ്രമായ സാംസ്‌കാരിക നയരേഖ കൗൺസിൽ അനുമതിയോടെ പ്രസിദ്ധീകരിക്കും.

എം. അനിൽകുമാർ

മേയർ