food

ലക്‌നൗ: വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം തയ്യാറാക്കുന്നത് തടയാൻ പുതിയ ഓർഡിനൻസുകൾ അവതരിപ്പിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്ത് ഭക്ഷണ സാധനങ്ങളിൽ തുപ്പുകയും മൂത്രം കലർത്തുകയും ചെയ്യുന്ന സംഭവങ്ങൾ വർദ്ധിച്ചതോടെയാണ് പുതിയ ഓർഡിനൻസുകൾ പുറത്തിറക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തീരുമാനിച്ചത്.

തെ​റ്റായ രീതിയിൽ ഭക്ഷണം തയ്യാറാക്കുന്നതും ഭക്ഷണത്തിൽ തുപ്പുന്നതുമായി ബന്ധപ്പെട്ടുളള പ്രവർത്തികൾ നിരോധിക്കുന്നതിനുളള ഓർഡിനൻസും വൃത്തിയില്ലാത്ത സാഹചര്യത്തിൽ ഭക്ഷണം തയ്യാറാക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ടുളള ഓർഡിനൻസുമാണ് സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരം പ്രവർത്തികളിലേർപ്പെടുന്നവർക്ക് കർശനമായും ശിക്ഷ ഉറപ്പാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കൂ
ടാതെ പുതിയ നിയമമനുസരിച്ച് ഉപഭോക്താക്കൾക്ക് അവരുടെ ഭക്ഷണം തയ്യാറാക്കുന്നതിനെക്കുറിച്ചും കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും അറിയുന്നതിനുളള അവകാശവും ഉറപ്പാക്കിയിട്ടുണ്ട്.


പുതിയ ഓർഡിനൻസ് അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇന്ന് ഉന്നത അധികൃതരുമായി യോഗം ചേരും. യോഗത്തിൽ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി, നിയമ ഉദ്യോഗസ്ഥർ, ഉത്തർപ്രദേശ് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് എന്നിവരുമായി യോഗി കൂടിക്കാഴ്ച നടത്തുമെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷയും ഉപഭോക്തൃ സംരക്ഷണവും വർദ്ധിക്കുമെന്നാണ് പ്രതീക്ഷ.

അടുത്തിടെ റിപ്പോർട്ട് ചെയ്ത ചില സംഭവങ്ങളെ തുടർന്നാണ് പുതിയ നീക്കം. കഴിഞ്ഞ മാസം സഹരൻപൂരിൽ ഒരു ആൺകുട്ടി ഹോട്ടലിൽ വച്ച് റൊട്ടിയിൽ തുപ്പുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ ഹോട്ടൽ ഉടമയെ പൊലീസ് അറസ്​റ്റ് ചെയ്തു. നോയിഡയിൽ ജ്യൂസിൽ മൂത്രം ചേർത്ത സംഭവത്തിൽ രണ്ട് യുവാക്കളും ഗാസിയാബാദിൽ ജ്യൂസിൽ തുപ്പിയതിന് ഉടമയും പിടിയിലായി.

ഈ സംഭവങ്ങളിൽ അതൃപ്തി പ്രകടിച്ച് യോഗി കഴിഞ്ഞ മാസം അടിയന്തര യോഗം വിളിച്ചുചേർത്തിരുന്നു. പൊതുജനങ്ങളുടെ വിശ്വാസത്തെ തകർക്കുന്ന പ്രവർത്തികളാണ് അതെല്ലാമെന്നാണ് അദ്ദേഹം അന്ന് പ്രതികരിച്ചത്.