
അബുദാബി: ഗൂഗിൾപേ, ഫോൺപേ, ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ തുടങ്ങിയ പണമിടപാട് രീതികൾ താമസിയാതെ യുഎഇയിൽ നിന്ന് അപ്രത്യക്ഷമാവും. പണമയയ്ക്കാനും പണമെടുക്കാനും ഇനി ഈ മാർഗങ്ങൾ ആവശ്യമായി വരില്ല എന്നതാണ് ഇതിന് കാരണം.
പാം ഐഡി (കൈപ്പത്തി തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്നത്) ആദ്യമായി അവതരിപ്പിക്കുന്ന മിഡിൽ ഈസ്റ്റ് രാജ്യമാകാൻ ഒരുങ്ങുകയാണ് യുഎഇ. കൈപ്പത്തി ഉപയോഗിച്ച് ഏറ്റവും വേഗമേറിയ, തടസമില്ലാത്ത പണമിടപാട് നടത്താമെന്നതാണ് പ്രത്യേകത. കൈപ്പത്തി വിവരങ്ങൾ പൊതു, സ്വകാര്യ മേഖലയിലെ വിവിധ മേഖലകളുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. സെൻട്രൽ ബാങ്ക് ഒഫ് യുഎഇയുമായി ചേർന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ആണ് പാം ഐഡി വികസിപ്പിച്ചത്.
യുഎഇ വിഷൻ 2031ന്റെ ഭാഗമായ പദ്ധതി ഇപ്പോൾ പരീക്ഷണ-വികസന ഘട്ടത്തിലാണ്. ഓരോ വ്യക്തിയുടെയും കൈരേഖകൾ വ്യത്യസ്തമാണ്. ഐസിപി പ്ളാറ്റ്‌ഫോമിൽ പാം ബയോമെട്രിക് വിവരങ്ങൾ നൽകുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത് ഓരോരുത്തരുടെയും വ്യക്തിഗത പ്രൊഫൈലുമായി ബന്ധിപ്പിക്കും. പാം ബയോമെട്രിക്‌സ് എൻറോൾ ചെയ്യുന്നത് വ്യക്തിയുടെ വിശദാംശങ്ങളുടെ കൃത്യത ഉറപ്പാക്കും. എമിറേറ്റ്‌സ് ഐഡി ഉപയോഗിച്ചാണ് പാം ബയോമെട്രിക്‌സിനായി രജിസ്റ്റർ ചെയ്യേണ്ടത്.
എടിഎമ്മുകളിൽ നിന്ന് പാം ഐഡി ഉപയോഗിച്ച് പണമടയ്ക്കാനും പണം പിൻവലിക്കാനും സാധിക്കും. പദ്ധതിയുടെ റെഡുലേഷനുകളും നയങ്ങളും പരിശോധിച്ചുവരികയാണെന്ന് ഐസിപി വക്താവ് അറിയിച്ചു. മുഖം തിരിച്ചറിയൽ സാങ്കേതിക വിദ്യയെ അപേക്ഷിച്ച് പാം ഐഡിയിൽ തട്ടിപ്പുകൾക്കുള്ള സാദ്ധ്യത കുറവാണ്. മെട്രോ കാർഡിന് പകരമായി പാം ഐഡികൾ ഉപയോഗിക്കാമെന്നും ഐസിപി വക്താവ് വ്യക്തമാക്കി.