
പത്തനംതിട്ട: ജീവനൊടുക്കിയ കണ്ണൂർ എഡിഎം നാടിനും നാട്ടുകാർക്കും എന്നും പ്രിയപ്പെട്ട നവീൻ. നാട്ടുകാർക്ക് എല്ലാവർക്കും അദ്ദേഹത്തെക്കുറിച്ച് നല്ല അഭിപ്രായം മാത്രമാണ്. അവധി ദിവസങ്ങളിൽ നാട്ടിൽ എത്തുമ്പോൾ പൊതുപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പാവപ്പെട്ടവരുടെ ദുരിതങ്ങൾ മനസിലാക്കി സഹായം എത്തിക്കാനും നവീൻ മുൻപന്തിയിലുണ്ടാവാറുണ്ടെന്നും നാട്ടുകാർ പറയുന്നു. ജില്ലയിലെ പാർട്ടി നവീന്റെ കുടുംബത്തോടൊപ്പമാണെന്നും നാട്ടിലെ നേതാക്കൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.
'നാട്ടിലെ മാന്യനായ വ്യക്തിയാണ്. സിപിഎമ്മിന്റെ സജീവ പ്രവർത്തകനാണ്. എല്ലാവരെയും സ്‌നേഹിക്കാൻ മാത്രമേ അവന് അറിയൂ. ഈ ഓണത്തിന് പാവങ്ങൾക്ക് കൊടുക്കാൻ കുറേ കിറ്റ് തന്നിട്ടാണ് അവൻ പോയത്' - ജീവനൊടുക്കിയ നവീൻ ബാബുവിനെക്കുറിച്ച് നാട്ടുകാരുടെ പ്രതികരണം ഇങ്ങനെയാണ്. പത്തനംതിട്ടയിൽ നിന്ന് കണ്ണൂരിലേക്ക് പ്രമോഷനായി പോയതാണെന്ന് ഭാര്യ പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
'പ്രമോഷനായി പോയതുകൊണ്ട് പെട്ടെന്ന് തിരിച്ചുവരാൻ സാധിക്കില്ല. അതുകൊണ്ട് തിരിച്ചുവരാനുള്ള ശ്രമം നടത്തിയിട്ടില്ല. ആദ്യം കാസർകോട് ജില്ലയിലായിരുന്നു. പിന്നീട് തിരഞ്ഞെടുപ്പ് വന്നപ്പോഴാണ് കണ്ണൂരിലേക്ക് മാറ്റിയത്. ഇപ്പോഴാണ് ട്രാൻസ്ഫർ അപേക്ഷ നൽകിയത്. നവീന്റെ ഒപ്പം പോയവർക്കെല്ലാം ട്രാൻസ്ഫർ ഓർഡർ കിട്ടി. എന്നാൽ അവന് കിട്ടിയില്ല. ശേഷം ഞാൻ പാർട്ടി വഴി ഇടപെട്ടു. ഇവിടെ നിന്നുള്ള സഖാക്കൾ വിളിച്ച് ചോദിച്ചപ്പോഴാണ് അവൻ നല്ലൊരു ഉദ്യോഗസ്ഥാനാണെന്ന് പറയുന്നത്. അതുകൊണ്ട് അവനെ അവിടെ നിർത്താനാണ് കരുതിയത്. ഞങ്ങൾ എല്ലാം പാർട്ടിക്കാരാണ്. ഞാൻ ഓമല്ലൂർ ലോക്കൽ സെക്രട്ടറിയായിരുന്നു. ഇപ്പോൾ ഒഴിവായി'- ഭാര്യ പിതാവ് പറഞ്ഞു.
ഇന്ന് രാവിലെയാണ് കണ്ണൂർ എഡിഎം കെ നവീൻ ബാബുവിനെ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നവീൻ ബാബുവിനെതിരെ ഇന്നലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ ദിവ്യയ്‌ക്കെതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്നത്. ദിവ്യയ്‌ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിട്ടുണ്ട്.