
കണ്ണൂർ: ആത്മഹത്യ ചെയ്‌ത കണ്ണൂർ എഡിഎം നവീൻ ബാബു പെട്രോൾ പമ്പിന് എൻഒസി നൽകുന്നതിനായി ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങിയിരുന്നതായി ആരോപണം. ഇത് സംബന്ധിച്ച് പമ്പുടമ മുഖ്യമന്ത്രിക്ക് നൽകിയ പരാതി പുറത്തുവന്നു. കണ്ണൂർ നിടുവാലൂരിൽ ടിവി പ്രശാന്തൻ എന്നയാളിൽ നിന്ന് പമ്പ് ഔട്ട്‌ലെറ്റിന്റെ എൻഒസി ലഭിക്കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും 98,500 രൂപ കൈപ്പറ്റുകയും ചെയ്‌തെന്നാണ് പരാതി.
പമ്പിന്റെ അനുമതിക്കായി കണ്ണൂർ എഡിഎം നവീൻ ബാബുവിന് അപേക്ഷ സമർപ്പിച്ചെങ്കിലും അദ്ദേഹം അത് വൈകിപ്പിച്ചതായി പ്രശാന്തന്റെ പരാതിയിൽ പറയുന്നു. തുടർന്ന് ഒക്‌ടോബർ ആറിന് നവീൻ ബാബു താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. നൽകിയില്ലെങ്കിൽ ഈ ജന്മത്തിൽ അനുമതി നൽകില്ലെന്നും ബന്ധുക്കളും സുഹൃത്തുക്കളും ചെയ്യുന്ന മറ്റ് ബിസിനസുകളിലും ജോലികളിലും തടസം ഉണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു.
തുടർന്ന് 98,500 രൂപ നവീന് പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ എത്തിച്ച് നൽകി. പിന്നീട് ഒക്‌ടോബർ എട്ടിന് പെട്രോൾ പമ്പിന് അനുമതി ലഭിച്ചുവെന്നും പ്രശാന്തൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഇത് സംബന്ധിച്ച് പ്രതികരിക്കാനില്ലെന്നാണ് പമ്പുടമ മാദ്ധ്യമങ്ങളോട് പറഞ്ഞത്. അതേസമയം, പ്രശാന്തൻ സിപിഎം പാർട്ടി അംഗമാണെന്ന വിവരം പുറത്തുവരുന്നുണ്ട്. എകെജി സെന്റർ ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈയുടെ ബന്ധുവുമാണ് ഇയാൾ.