
മുംബയ്: മഹാരാഷ്ട്ര മുൻ മന്ത്രിയും എൻ.സി.പി നേതാവുമായ ബാബ സിദ്ദിഖി കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ.
ഉത്തർപ്രദേശ് സ്വദേശിയായ ഹരീഷ് കുമാർ ബാലക് റാമിനെ മുംബയ് ക്രൈബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവർ നാലായി. ഉത്തർപ്രദേശ് ബഹ്‌റൈച്ച് സ്വദേശിയായ ഹരീഷ് കുമാറിന് (23) ഗൂഢാലോചനയിൽ പങ്കുണ്ട്. കൂടാതെ പ്രതികൾക്ക് പണവും മറ്റ് സൗകര്യങ്ങൾ ചെയ്തുകൊടുത്തതും
ഇയാളാണെന്ന് പൊലീസ് അറിയിച്ചു. പൂനെയിൽ സ്ക്രാപ്പ് ഡീലറായി ജോലി ചെയ്യുകയായിരുന്നു ഹരീഷ്. കേസിൽ പിടിയിലായ ധർമരാജ് രാജേഷ് കശ്യപും ഒളിവിൽ കഴിയുന്ന ശിവപ്രസാദ് ഗൗതവും ഇയാളുടെ കടയിൽ ജോലി ചെയ്തുവരികയായിരുന്നു. കുറ്റകൃത്യത്തിന് മുന്നോടിയായി ശിവപ്രസാദിനും ധർമ്മരാജിനും ഹരീഷ് മൊബൈൽ ഫോണുകൾ വാങ്ങിനൽകി. ഹരിയാന സ്വദേശി ഗുർമൈൽ ബൽജിത് സിംഗും ധർമരാജും നേരത്തെ അറസ്റ്റിലായിരുന്നു. കൂട്ടുപ്രതിയെന്ന് കരുതുന്ന പ്രവീൺ ലോങ്കറെന്ന ആളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിനു പിന്നിൽ ലോറൻസ് ബിഷ്ണോയ് സംഘമാണെന്ന് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ട പ്രവീണിന്റെ സഹോദരൻ ശുഭം ലോങ്കറിനെ കാണാനില്ല. നടൻ സൽമാൻ ഖാനുമായുള്ള അടുപ്പമാണ് കൊലപാതകത്തിനു കാരണമെന്നും പോസ്റ്റിൽ പറയുന്നു.
സൽമാനെയും ദാവൂദ് ഇബ്രാഹിമിനെയും സഹായിക്കുന്നതിനെതിരെയും ഇയാൾ സംസാരിച്ചിട്ടുണ്ട്. ബാന്ദ്ര ഈസ്റ്റിലെ നിർമൽ നഗറിൽ വച്ച് ശനിയാഴ്ച രാത്രിയാണ് സിദ്ദിഖിയെ വെടിവച്ച് കൊന്നത്.
മാപ്പ് പറയണം.
അതിനിടെ കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് സൽമാൻ ഖാൻ ബിഷ്‌ണോയ് വിഭാഗക്കാരോട് മാപ്പ് പറയണമെന്ന് ബി.ജെ.പി എം.പി ഹർനാഥ് സിംഗ് യാദവ് പറഞ്ഞു. എക്സിലൂടെയായിരുന്നു പ്രതികരണം.
'പ്രിയ സൽമാൻ ഖാൻ, ബിഷ്‌ണോയ് വിഭാഗക്കാർ കൃഷ്ണമൃഗത്തെ ആരാധിക്കുന്നവരാണ്. നിങ്ങൾ അതിനെ വേട്ടയാടി ഭക്ഷിച്ചു. അതിനാൽ ബിഷ്‌ണോയ് വിഭാഗക്കാരുടെ വികാരം വൃണപ്പെട്ടു. നിങ്ങൾക്കെതിരെ രോഷമുണ്ട്. മനുഷ്യർക്ക് തെറ്റുപറ്റാം. നിങ്ങൾ ഒരു വലിയ നടനാണ്. രാജ്യത്തെ വലിയ വിഭാഗം നിങ്ങളെ സ്‌നേഹിക്കുന്നുണ്ട്. എനിക്ക് നിങ്ങളോട് പറയാനുള്ളത്, നിങ്ങൾ ബിഷ്‌ണോയ് വിഭാഗക്കാരുടെ വികാരം മാനിക്കണം. തെറ്റിന് മാപ്പ് പറയണം' - അദ്ദേഹം ആവശ്യപ്പെട്ടു.