
തിരുവനന്തപുരം : ബംഗ്ളാദേശിനെതിരായ ട്വന്റി-20 മത്സരത്തിലെ സെഞ്ച്വറി കരിയറിൽ പുതിയ ആത്മവിശ്വാസവും കരുത്തും നൽകുന്നുവെന്നും ഇന്ത്യൻ ടെസ്റ്റ് ടീമിലെത്തുക എന്ന തന്റെ ചെറുപ്പകാലം മുതലുള്ള മോഹം സാക്ഷാത്കരിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ. ബംഗ്ളാദേശിനെതിരായ പരമ്പരയ്ക്ക് ശേഷം തിരുവനന്തപുരത്ത് എത്തിയ സഞ്ജു മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.
''ടെസ്റ്റ് ടീമിലേക്കും എന്നെ പരിഗണിക്കുന്നുണ്ടെന്ന് ടീമിന്റെ തലപ്പത്തുള്ളവർ അറിയിച്ചിട്ടുണ്ട്. പാടുപെട്ട് റിസൽട്ട് നേടേണ്ട ഫോർമാറ്റാണ് ടെസ്റ്റ്. അതിനായി കഷ്ടപ്പെടുന്നുണ്ട്. ശരിയായ സമയമാകുമ്പോൾ ടെസ്റ്റും കളിക്കുമെന്നാണു വിശ്വാസം. മൂന്ന് ഫോർമാറ്റിലും കളിക്കാൻ കഴിവുണ്ടെന്ന ആത്മവിശ്വാസവുമുണ്ട് ""– സഞ്ജു പറഞ്ഞു. ടെസ്റ്റ് കളിക്കുകയെന്ന ലക്ഷ്യവുമായാണ് കേരള രഞ്ജി ടീമിലേക്ക് തിരിച്ചെത്തിയതെന്നും സഞ്ജു പറഞ്ഞു.18 മുതൽ ബംഗളുരുവിൽ കർണാടകയിൽ നടക്കുന്ന രഞ്ജി മത്സരത്തിൽ കേരളത്തിനായി കളിക്കും. കഴിഞ്ഞ ദിവസം തുമ്പയിൽ പഞ്ചാബിനെതിരെ വിജയിച്ച കേരള താരങ്ങളെ ടീം ഹോട്ടലിലെത്തി കണ്ടിരുന്നു. അവരുമായി ഇന്ത്യൻ ടീമിലെ അനുഭവങ്ങൾ പങ്കുവച്ചു.
സഞ്ജു പറഞ്ഞത്
ഹൈദരാബാദിലെ സെഞ്ച്വറി
ജീവിതം മുഴുവൻ സന്തോഷിക്കാനുള്ള മുഹൂർത്തമാണ് ആ സെഞ്ച്വറി. ആദ്യ രണ്ടുമത്സരത്തിൽ നന്നായി കളിക്കാൻ കഴിയാത്തതിന്റെ ടെൻഷനുണ്ടായിരുന്നു. അപ്പോഴും നല്ലൊരിന്നിംഗ് വരാനിരിക്കുന്നതേയുള്ളൂ എന്ന് മനസിലുണ്ടായിരുന്നു. ആദ്യത്തെ രണ്ടുമൂന്ന് ഓവറുകൾ ടെൻഷനോടെയാണ് കളിച്ചത്. പവർ പ്ലേയിൽ നല്ല ടച്ച് കിട്ടിയതോടെ അർദ്ധസെഞ്ച്വറി നേടണമെന്ന് ആഗ്രഹിച്ചു. അത് കഴിഞ്ഞപ്പോൾ സെഞ്ച്വറി തികയ്‌ക്കണമെന്ന് തോന്നി. ഇന്ത്യൻ ടീമിൽ കളിക്കുമ്പോൾ സെഞ്ച്വറി നേടുക എന്നത് വലിയ സംഭവമാണ്.
ലങ്കയിലെ ഡക്കിന്റെ സമ്മർദ്ദം
ലങ്കയിലെ രണ്ടുമാച്ചിൽ ഡക്കായിരുന്നതിനാൽ അടുത്ത മത്സരത്തിനിറങ്ങുമ്പോൾ നല്ല സമ്മർദമുണ്ടായിരുന്നു. ബംഗ്ളാദേശിനെതിരെ ടീം മാനേജ്മെന്റ് നൽകിയ പിന്തുണ വലുതായിരുന്നു.സാധാരണ ഇന്ത്യൻ ടീമിലേക്ക് പോകുമ്പോൾ ഏത്പൊസിഷനിലാണ് കളിക്കുന്നത് എന്നൊന്നും അറിയാൻ കഴിയാറില്ല. എന്നാൽ ഇത്തവണ ക്ളിയറായിത്തന്നെ മുന്നേ പറഞ്ഞു, മൂന്നു മത്സരങ്ങളും ഓപ്പണറായി കളിക്കാൻ തയ്യാറായി വരണമെന്ന്. അതുകൊണ്ടുതന്നെ രാജസ്ഥാൻ റോയൽസ് ക്യാമ്പിലുൾപ്പടെ പോയി പ്രാക്ടീസ് ചെയ്തിരുന്നു.
ആ അഞ്ച് ആറുകൾ
അവസരം കിട്ടിയാൽ ഏതെങ്കിലും ഒരു മത്സരത്തിൽ നാലോ, അഞ്ചോ സിക്‌സറുകൾ തുടർച്ചയായി പറത്തണമെന്ന് ആഗ്രഹിച്ചിരുന്നു. ബംഗ്ലാദേശിനെതിരെ അർദ്ധസെഞ്ച്വറി തികച്ചപ്പോൾ പിന്നെ ആ ആഗ്രഹമങ്ങ് നിറവേറ്റി. ആ ഓവർ കഴിഞ്ഞ് സ്കോർ നോക്കിയപ്പോഴാണ് 60ൽ നിന്ന് 90 ലെത്തിയതായി കണ്ടത്. അതോടെയാണ് സെഞ്ച്വറിയെന്ന ചിന്ത മനസിലേക്ക് വന്നത്.
സെഞ്ച്വറിക്ക് മുമ്പ് ചിന്തിച്ചത്
ഇതുവരെ അടിച്ചുകളിച്ചല്ലേ എത്തിയത്; സെഞ്ച്വറിക്കും അതുമതിയെന്നാണ് ചിന്തിച്ചത്. ആ ആവേശത്തിൽ വീശിയപ്പോൾ ഒരു ബാൾ ബീറ്റണായി. അപ്പോൾ ക്യാപ്ടൻ സൂര്യകുമാർ യാദവ് അടുത്തുവന്ന് ചോദിച്ചു, എന്താ ചിന്തിക്കുന്നതെന്ന്. അപ്പോൾ അടിച്ചുകളിക്കാനാണ് പ്ളാൻ എന്നു മറുപടി നൽകി.അപ്പോൾ പുള്ളി, ഓക്കേ, പക്ഷേ നീ ഒരു സെഞ്ച്വറി അർഹിക്കുന്നു എന്നുപറഞ്ഞു. അതോടെ ശ്രദ്ധയോടെ സെഞ്ച്വറി തികയ്ക്കാൻ തീരുമാനിച്ചു.
സൂര്യയുടെ ആഘോഷം
ഞാനും സൂര്യകുമാർ യാദവും തമ്മിൽ വർഷങ്ങളായുള്ള സൗഹൃദമാണ്. ജൂനിയർ വിഭാഗം മുതൽ ഒരുമിച്ചുള്ളവരാണ്. ഒരേ കമ്പനിയിൽ (ബിപിസിഎൽ) ജോലി ചെയ്യുന്നു. സൂര്യ എങ്ങനെയാണ് ‘സൂര്യകുമാർ യാദവ്’ ആയത് എന്ന് കൂടെ നടന്നുകണ്ടയാളാണ് ഞാൻ. ആ ബന്ധം ഇന്നും തുടരുന്നു. സഹകളിക്കാരോടുള്ള ആശയവിനിമയം കൃത്യമായി നടത്തുന്നയാളാണ് സൂര്യ. ക്യാപ്‌റ്റൻ എന്ന നിലയിൽ എല്ലാ കളിക്കാരെയും പ്രോത്സാഹിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്.ഞാൻ സെഞ്ച്വറി തികച്ചശേഷം ഹെൽമറ്റ് ഉൗരണോ എന്ന് ആലോചിക്കുമ്പോൾ സൂര്യ ഹെൽമറ്റ്
ഒക്കെയൂരി എന്നെവന്ന് കെട്ടിപ്പിടിച്ചു. ആ സന്തോഷം കണ്ട് ഞാൻ അതിശയിച്ചുപോയി.
പല കോച്ചുമാർക്കു കീഴിൽ കളിച്ചിട്ടുണ്ടെങ്കിലും ഗൗതം ഗംഭീറിന്റെ ആശയ വിനിമയ ശേഷി അപാരമാണ്.
മസിൽ അളിയനല്ല
ഞാൻ വലിയ മസിലൊന്നും ഉള്ളയാളല്ല. ബംഗ്ലാദേശിനെതിരെ സെഞ്ചറി നേടി ഡ്രസിംഗ് റൂമിലേക്കു നോക്കി ബാറ്റ് കാണിച്ചപ്പോൾ അവിടുണ്ടായിരുന്ന ടീംമേറ്റ്സ് ആണ് മസിൽ കാണിക്കാൻ പറഞ്ഞത്. ശാരീരിക ബലം കാണിക്കാനാല്ല അ്നെ ചെയ്തത്. വെല്ലുവിളികളുണ്ടാകുമ്പോൾ അതിനെ മറികടന്ന് മുന്നോട്ടുവരാനുള്ള മാനസിക ബലമുണ്ടെന്നാണ് അങ്ങനെ കാണിക്കുമ്പോൾ ഞാൻ ഉദ്ദേശിച്ചത്.
സന്തോഷിക്കേണ്ട സമയം സന്തോഷിക്കണമെന്നാണ് എന്റെ രീതി. കാരണം വിഷമിക്കാനുള്ള സമയവും പിന്നാലെ വരാം.സഞ്ജു സൂപ്പർമാനെന്നൊക്കെ സമൂഹമാധ്യമങ്ങളിൽ വിശേഷണം കാണുമ്പോൾ വലിയ സന്തോഷം തോന്നാറുണ്ട്. നന്നായി ചെയ്യുമ്പോൾ സൂപ്പർമാനെന്ന് പറയും. രണ്ടു തവണ വേഗം വിക്കറ്റ് പോകുമ്പോൾ വേറെ പേര് വന്നുകൊള്ളും. എന്റെ കളി പിന്നീട് പല തവണ ടിവിയിൽ കാണാറുണ്ട്. കമന്റേറ്റർമാരുടെ നെഗറ്റീവ് കമന്റുകൾ കേൾക്കുമ്പോൾ ചെറിയ വിഷമം തോന്നാറുണ്ട്. നല്ലതു കേൾക്കുന്നത് പ്രചോദനവുമാണ്. ഞാൻ കഷ്ടപ്പെട്ടു വളർന്നു വന്ന സാഹചര്യം ഇപ്പോൾ ഞാൻ പറയാറുണ്ട്. അതു കേട്ടു വളരുന്നവർക്ക് ഒരു പ്രചോദനമാകട്ടെ എന്നു കരുതിയാണ്.