
എഐ കരുത്തോടെ തയ്യാറാക്കിയ പുതിയ എഐ സ്പാം ഡിറ്റക്ഷൻ സംവിധാനത്തിലൂടെ കേരളത്തിലെ ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസം പകരുന്ന നടപടിയുമായി ഭാരതി എയർടെൽ. ലോഞ്ച് ചെയ്ത് 19 ദിവസങ്ങൾ പൂർത്തിയാകുമ്പോൾ 55 മില്യൺ സ്പാം കോളുകളും 1 മില്യൺ എസ്എംഎസുകളുമാണ് കേരളത്തിൽ ഈ ഫീച്ചറിലൂടെ വിജയകരമായി കണ്ടെത്തുവാൻ സാധിച്ചിട്ടുണ്ട്. പുതിയ ആപ്പ് ഡൗൺലോഡ് ചെയ്യാതെ, പ്രത്യേകം സർവ്വീസ് റിക്വസ്റ്റ് ഇല്ലാതെ സംസ്ഥാനത്തെ എല്ലാ എയർടെൽ ഉപഭോക്താക്കൾക്കും ഈ സൗജന്യ സേവനത്തിന്റെ ഓട്ടോമാറ്റിക് ആക്സസ് ലഭ്യമാകുമെന്നതാണ് പ്രധാന സവിശേഷത.
കണക്ടിവിറ്റി ഇന്ന് ഏറ്റവും അനിവാര്യമായതും, ഒഴിവാക്കാനാകാത്ത കാര്യവുമായി മാറിക്കഴിഞ്ഞു. ഓരോ വ്യക്തിയുടേയും ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും അതിന്റെ പ്രാധാന്യം വ്യാപിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഏറെ ആശങ്കകൾ ഉയർത്തിക്കൊണ്ട് പലതരത്തിലുള്ള സ്‌കാമുകൾ, തട്ടിപ്പുകൾ, മറ്റ് അനാവശ്യ കമ്യൂണിക്കേഷനുകൾ തുടങ്ങിയവ ഉയർന്നുവരികയും ചെയ്തു. ഈ ആശങ്കകളെ ദൂരീകരിക്കുന്നതിനും, ഇത്തരം തട്ടിപ്പ് സാധ്യതകൾ ഒഴിവാക്കുവാനും ഉപഭോക്താക്കളെ സഹായിക്കുവാനാണ് എഐയുടെ കരുത്തോടെ ഈ പുതിയ ഫീച്ചർ എയർടെൽ അവതരിപ്പിച്ചിട്ടുള്ളത്. സംശയിക്കപ്പെടുന്ന സ്പാം കോളുകളും മെസ്സേജുകളും കണ്ടെത്തി അവഗണിക്കുവാൻ ഉപഭോക്താക്കൾക്ക് ഇതിലൂടെ സാധിക്കും. ഏറ്റവും നൂതന സാങ്കേതികവിദ്യയിലൂടെ തന്നെ ഇത്തരം ഡിജിറ്റൽ ഭീഷണികളോട് പൊരുതുവാൻ തങ്ങളുടെ 8.8 മില്യൺ ഉപഭോക്താക്കൾക്ക് ശക്തമായ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുനൽകുകയാണ് എയർടെൽ. ഭാരതി എയർടെൽ കേരള ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അമിത് ഗുപ്ത പറഞ്ഞു.
എയർടെലിന്റെ സ്വന്തം ഡാറ്റ സയന്റിസ്റ്റുകൾ തയ്യാറാക്കിയിട്ടുള്ള, എഐ കരുത്തോടുകൂടിയ ഈ ഫീച്ചർ അതിന്റെ സവിശേഷ അൽഗോരിതത്തിലൂടെ കോളുകളേയും എസ്എംഎസുകളേയും തിരിച്ചറിയുകയും സസ്‌പെക്ടഡ് സ്പാം എന്ന് തരംതിരിക്കുകയും ചെയ്യും. ഫോൺ വിളിക്കുന്ന അല്ലെങ്കിൽ സന്ദേശമയക്കുന്ന വ്യക്തിയുടെ ഉപഭോഗ രീതി, കോൾ/ എസ്എംഎസ് ആവൃത്തി, കാൾ ഡ്യൂറേഷൻ തുടങ്ങിയ ഘടകങ്ങൾ തത്സമയം പരിശോധിച്ച് വിലയിരുത്തുന്ന നൂതന എഐ അൽഗോരിതത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്. നിലവിലുള്ള സ്പാം പാറ്റേണുകളുമായി ഈ വിവരങ്ങൾ താരതമ്യം ചെയ്തുകൊണ്ട് സംശയിക്കപ്പെടുന്ന സ്പാം കോളുകളോ, എസ്എംഎസുകളോ ആണെന്ന് സിസ്റ്റം മുന്നറിയിപ്പ് നൽകും.
രണ്ട് തലങ്ങളിൽ സുരക്ഷിതത്വം ഉറപ്പുനൽകുന്ന ഫീച്ചറാണിത്. ഒന്ന് നെറ്റുവർക്ക് തലത്തിലും, രണ്ടാമത് ഐടി സിസ്റ്റംസ് തലത്തിലും. എല്ലാ കോളുകളും എസ്എംഎസുകളും ഈ രണ്ട് തല എഐ സുരക്ഷാ പ്രതിരോധ സംവിധാനത്തിലൂടെയാണ് കടന്നുപോകുന്നത്. രണ്ട് മില്ലി സെക്കന്റിൽ ഇതിലൂടെ 1.5 ബില്യൺ മെസ്സേജുകളും 2.5 ബില്യൺ കോളുകളും കടന്നുപോകുന്നു. എഐയുടെ കരുത്തിൽ തത്സമയം 1 ട്രില്യൺ റെക്കോർഡുകൾ പ്രൊസസ് ചെയ്യുന്നതിന് സമാനമാണിത്.
ഇതിന് പുറമേ, എസ്എംസുകളിലൂടെ സ്വീകരിക്കുന്ന അപകടകാരികളായ ലിങ്കുകളിൽ നിന്ന് ജാഗ്രത പുലർത്തുവാൻ ബ്ലാക്ക്ലിസ്റ്റ് ചെയ്തിട്ടുള്ള യുആർലുകളുടെ ഒരു സെൻട്രലൈസ്ഡ് ഡാറ്റ ബെയ്സ് എയർടെൽ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ എസ്എംഎസുകളും തത്സമയം ഈ എഐ അൽഗൊരിതം സ്‌കാൻ ചെയ്യും. ഇതിലൂടെ ഉപഭോക്താക്കൾ അപകടകരമായ ലിങ്കുകളിൽ അബദ്ധവശാൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കാനാകും. തട്ടിപ്പുകളുടെ പ്രധാന സൂചനകളിലൊന്നായ അടിക്കടി വരുന്ന ഇഎംഐ മെസ്സേജുകൾ പോലുള്ള അസ്വഭാവിക കാര്യങ്ങൾ ഈ സംവിധാനത്തിലൂടെ തിരിച്ചറിയുവാനാകും. വളർന്നുകൊണ്ടിരിക്കുന്ന സ്പാം തട്ടിപ്പുകളുടെ ഭീഷണിയിൽ നിന്നും രക്ഷനേടുവാൻ ഈ സുരക്ഷാ സംവിധാനങ്ങളിലൂടെ എയർടെൽ പ്രാപ്തമാക്കുന്നു.