
ബംഗളൂരു: ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി. സ്റ്റാര്‍ ബാറ്റര്‍ ശുബ്മാന്‍ ഗില്‍ പരിക്ക് കാരണം ആദ്യ മത്സരത്തില്‍ കളിക്കില്ല. പകരക്കാരനായി സര്‍ഫറാസ് ഖാന്‍ അന്തിമ ഇലവനില്‍ ഉള്‍പ്പെടാനാണ് സാദ്ധ്യത. അടുത്തിടെ ഇറാനി ട്രോഫി ഫൈനലില്‍ ഡബിള്‍ സെഞ്ച്വറി നേടിയ സര്‍ഫറാസ് തകര്‍പ്പന്‍ ഫോമിലാണ്. ഇംഗ്ലണ്ടിനെതിരെ ഈ വര്‍ഷം ആദ്യം രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ താരം മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ചിരുന്നു. എന്നാല്‍ പിന്നീട് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സ്‌ക്വാഡില്‍ ഉണ്ടായിരുന്നുവെങ്കിലും താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല.
മൂന്ന് ടെസ്റ്റുകളാണ് ന്യൂസിലാന്‍ഡ് ഇന്ത്യയില്‍ കളിക്കുക. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ്. പൂനെയിലും മുംബയിലുമാണ് അടുത്ത രണ്ട് ടെസ്റ്റുകള്‍ നടക്കുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ഇന്ത്യക്ക് തുടര്‍ച്ചയായി മൂന്നാം ഫൈനല്‍ ഉറപ്പിക്കാന്‍ നിര്‍ണായകമാണ് ഈ പരമ്പര. തുടര്‍ച്ചയായി 17 ഹോം ടെസ്റ്റ് പരമ്പരകള്‍ വിജയിച്ച് തകര്‍പ്പന്‍ ഫോമിലാണ് ഇന്ത്യ. ബംഗ്ലാദേശിനെ 2-0ന് തകര്‍ത്താണ് ഇന്ത്യ എത്തുന്നത്.
മറുവശത്ത് ന്യൂസിലാന്‍ഡിന്റെ കാര്യങ്ങള്‍ അത്ര ശുഭമല്ല. ശ്രീലങ്കയ്‌ക്കെതിരെ 2-0ന് ടെസ്റ്റ് പരമ്പര തോറ്റശേഷമാണ് കിവീസ് എത്തുന്നത്. ലങ്കയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെ ടിം സൗത്തി നായക സ്ഥാനം രാജിവയ്ക്കുകയും ചെയ്തിരുന്നു. ടോം ലഥാം ആണ് ഇന്ത്യക്കെതിരെ ടീമിനെ നയിക്കുന്നത്. സീസണിലെ ഇന്ത്യയുടെ അവസാന ഹോം പരമ്പരയാണ് ഇത്. ന്യൂസിലാന്‍ഡുമായുള്ള മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം ബോര്‍ഡര്‍ -ഗവാസ്‌കര്‍ ട്രോഫിക്കായി ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പോകും. അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഈ പരമ്പരയിലുള്ളത്.
ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കൊഹ്ലി, കെ.എല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.
ട്രാവലിംഗ് റിസര്‍വ്സ്: ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, മായങ്ക് യാദവ്, പ്രസീദ്ധ് കൃഷ്ണ.