
മുള്‍ട്ടാന്‍: ബാബര്‍ അസം, ഷഹീന്‍ ഷാ അഫ്രീദി, നസിം ഷാ എന്നീ സുപ്രധാന താരങ്ങളെ ഒഴിവാക്കി ഇറങ്ങിയ പാകിസ്ഥാന് രണ്ടാം ടെസ്റ്റില്‍ ഭേദപ്പെട്ട തുടക്കം. മുള്‍ട്ടാനില്‍ ഒന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സ് എന്ന നിലയിലാണ് അവര്‍. ബാബറിന് പകരം നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ കമ്രാന്‍ ഗുലാം നേടിയ സെഞ്ച്വറി (118) ആണ് അവര്‍ക്ക് തുണയായത്. ഓപ്പണര്‍ സയീം അയൂബ് അര്‍ദ്ധ സെഞ്ച്വറി (77) നേടി പുറത്തായി.
വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍ (37*), ആഗ സല്‍മാന്‍ (5*) എന്നിവരാണ് ക്രീസിലുള്ളത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്റെ തുടക്കം മികച്ചതായിരുന്നില്ല. ഓപ്പണര്‍ അബ്ദുള്ള ഷഫീഖ് (7), ക്യാപ്റ്റന്‍ ഷാന്‍ മസൂദ് (3) എന്നിവര്‍ പെട്ടെന്ന് പുറത്തായപ്പോള്‍ 19-2 എന്ന നിലയിലായിരുന്നു അവര്‍. ഇടങ്കയ്യന്‍ സ്പിന്നര്‍ ജാക്ക് ലീച്ച് ആണ് രണ്ട് പേരെയും പുറത്താക്കിയത്. മൂന്നാം വിക്കറ്റില്‍ സയീം അയൂബ് - കമ്രാന്‍ ഗുലാം സഖ്യം നേടിയ 149 റണ്‍സ് കൂട്ടുകെട്ടാണ് അവരെ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.
മാത്യു പോട്‌സിന് വിക്കറ്റ് സമ്മാനിച്ച് അയൂബ് മടങ്ങിയതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. അഞ്ചാമനായി എത്തിയ സൗദ് ഷക്കീല്‍ വെറും നാല് റണ്‍സ് നേടി മടങ്ങി. പിന്നീട് വന്ന റിസ്‌വാനെ കൂട്ടുപിടിച്ചാണ് ഗുലാം സെഞ്ച്വറി തികച്ചത്. 11 ഫോറും ഒരു സിക്‌സും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഷൊയ്ബ് ബഷീര്‍ ആണ് താരത്തെ ക്ലീന്‍ ബൗള്‍ ചെയ്ത് പുറത്താക്കിയത്. ഏഴാമനായി എത്തിയ ആഗ സല്‍മാന്‍ റിസ്‌വാന് ഒപ്പം ചേര്‍ന്ന് കൂടുതല്‍ വിക്കറ്റുകള്‍ ഒന്നാം ദിനത്തില്‍ നഷ്ടമാക്കാതെ പിടിച്ചു നില്‍ക്കുകയായിരുന്നു.
ഇംഗ്ലണ്ടിന് വേണ്ടി ജാക്ക് ലീച്ച് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഷോയ്ബ് ബഷീര്‍, മാത്യു പോട്‌സ്, ബ്രൈഡന്‍ കാര്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മുള്‍ട്ടാനിലെ ആദ്യ ടെസ്റ്റിന് ഉപയോഗിച്ച അതേ പിച്ചില്‍ തന്നെയാണ് രണ്ടാം ടെസ്റ്റും നടക്കുന്നത്.