hockey

ശ്രീജേഷിന് പിൻഗാമിയായി ഇന്ത്യൻ ജൂനിയർ ക്യാമ്പിലെത്തിയ താരം

തിരുവനന്തപുരം : ഹോക്കി ഇന്ത്യ ലീഗിന്റെ പുതിയ സീസൺ താരലേലത്തിൽ ടീമിൽ ഇടംലഭിച്ച ഏകമലയാളിയായി കൊല്ലം പത്തനാപുരം കമുകുംചേരി സ്വദേശിയായ ഗോൾകീപ്പർ ജി.ആദർശ്. കഴിഞ്ഞ ദിവസം നടന്ന ലേലത്തിൽ ഡൽഹി എസ്.ജി പൈപ്പേഴ്‌സ് ടീമാണ് ആദർശിനെ അ‌ടിസ്ഥാന വിലയായ രണ്ട് ലക്ഷം രൂപയ്ക്ക് ടീമിലെത്തിച്ചത്.ഒളിമ്പ്യൻ ശ്രീജേഷിന്റെ പാത പിന്തുടർന്ന് തിരുവനന്തപുരം ജി.വി രാജ സ്‌പോർട്‌സ് സ്‌കൂളിൽ നിന്ന് ഹോക്കി ബാല പാഠങ്ങൾ അഭ്യസിച്ച ആദർശ് 2021 ലെ സംസ്ഥാന ചാമ്പ്യൻഷിപ്പിലെ മികച്ച ഗോൾ കീപ്പറായിരുന്നു. ആ വർഷം ഗോവയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി മത്സരിച്ച ആദർശ് ഡൽഹിയിൽ നടന്ന നാഷണൽ സെന്റർ ഓഫ് എക്‌സലൻസ് സെലക്ഷനിൽ പങ്കെടുത്ത് എൻ.സി.ഒ.ഇ മണിപ്പൂരിലെത്തി.

2023ൽ രാജ്യത്തെ മികച്ച ഹോക്കി താരങ്ങളെ ഉൾപ്പെടുത്തി ഇന്ത്യൻ ടീം നടത്തിയ നെതർലാൻഡ് പര്യടനത്തിനുള്ള ടീമിൽ ആദർശ് ഇടംപിടിച്ചെങ്കിലും വിസ ലഭിക്കാൻ വൈകിയതോടെ അവസരം നഷ്ടമായി. അന്ന് ഇന്ത്യൻ ടീമിൽ ഇടംപിടിച്ച ഏക ഗോൾ കീപ്പറും ആദർശായിരുന്നു. തുടർന്നും മികവ് ആവർത്തിച്ച ആദർശ് കഴിഞ്ഞ 9 മാസമായി ബംഗളൂരുവിൽ നടക്കുന്ന ജൂനിയർ ഇന്ത്യൻ ക്യാമ്പിൽ അംഗമാണ്. ശ്രീജേഷാണ് ഇപ്പോൾ ജൂനിയർ ടീമിന്റെ പരിശീലകൻ. ഡൽഹി ടീമിന്റെ പരിശീലക സ്ഥാനത്തും ശ്രീജേഷുണ്ട്.
കൊല്ലം പത്തനാപുരം ഗോപനിവാസിൽ ഗോപകുമാരൻ നായരുടെയും സന്ധ്യമോളുടെയും മകനാണ്. ജി.അഭിഷേകാണ് സഹോദരൻ. ഫുട്ബാൾ കളിക്കാരനായിരുന്ന ആദർശ് ജി.വി രാജ സ്കൂളിലെ പരിശീലകരായിരുന്ന കിരൺ കുമാർ, സുധാകരൻ എന്നിവരുടെ ശിക്ഷണത്തിലാണ് ഹോക്കി ഗോളിയായി മാറിയത്.