
ടെൽ അവീവ്: വടക്കൻ ജബാലിയ ഉൾപ്പെടെ ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നിരനധി പാലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. പ്രദേശത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കുറഞ്ഞത് 55 പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസയിലെ ജബാലിയ അഭയാർഥി ക്യാംപിൽ ഇസ്രയേൽ നടത്തിയ ഷെല്ലാക്രമണത്തിന് ശേഷം കുറഞ്ഞത് 12 മൃതദേഹങ്ങൾ കണ്ടെടുത്തു. ഭക്ഷണത്തിന് കാത്തുനിന്നിരുന്ന കുട്ടികളടക്കം ആളുകളുടെയിടയിലാണ് ആക്രമണം ഉണ്ടായത്. നിരവധി പേർക്കു പരുക്കേറ്റു. ഗാസയിലെ ഏറ്റവും വലിയ അഭയാർഥി ക്യാംപ് സ്ഥിതിചെയ്യുന്ന ഈ പ്രദേശം വളഞ്ഞ സേന ബെയ്ത് ലഹിയ, ബെയ്ത് ഹനൂൺ നഗരങ്ങളിലേക്ക് ടാങ്കുകൾ അയച്ച് ആക്രമണം ശക്തിപ്പെടുത്തുകയാണ്. എട്ട് അഭയാർത്ഥി ക്യാമ്പുകളിൽ ഏറ്റവും വലുതായ ജബലിയയിലെ അൽ ഫലൂജക്ക് സമീപം ഇസ്രായേൽ വെടിവെപ്പിൽ 11 പേരും തെക്ക് ഖാൻ യൂനിസിലെ ബനീ സുഹൈലയിൽ 10 പേരും കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. ജനങ്ങളോട് ഒഴിഞ്ഞുപോകണമെന്ന് സൈന്യം ആവശ്യപ്പെട്ടെങ്കിലും ഹമാസ് ഇതു തടയുകയാണെന്നും റിപ്പോർട്ടുണ്ട്.
സങ്കൽപ്പിക്കാനാവാത്ത നഷ്ടം
കടുത്ത ആക്രമണത്തിനും പലായന മുന്നറിയിപ്പുകൾക്കുമിടയിൽ ആളുകൾ സങ്കൽപ്പിക്കാനാവാത്ത ഭയം, പ്രിയപ്പെട്ടവരുടെ നഷ്ടം, ആശയക്കുഴപ്പം, ക്ഷീണം എന്നിവ നേരിടുന്നതെന്ന് ഗാസയിലെ റെഡ് ക്രസന്റ് മേധാവി അഡ്രിയാൻ സിമ്മർമാൻ പ്രസ്താവനയിൽ പറഞ്ഞു. ആശുപത്രികൾ മെഡിക്കൽ സേവനങ്ങൾ നൽകാൻ പാടുപെടുകയാണ്. രോഗികളും വികലാംഗരുമുൾപ്പെടെ പലർക്കും പുറത്തുപോകാൻ കഴിയുന്നില്ല. സുരക്ഷിതമായി പലായനം ചെയ്യാനും ആരോഗ്യ സൗകര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര മാനുഷിക നിയമത്തിന് കീഴിൽ അവർ സംരക്ഷിക്കപ്പെടണം. പരിക്കേൽക്കാതിരിക്കാൻ സാധ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കണം. കുടിയിറക്കപ്പെട്ട ഓരോ വ്യക്തിക്കും സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങാൻ അവകാശമുണ്ടെന്നും സിമ്മർമാൻ കൂട്ടിച്ചേർത്തു.
അതേസമയം ചൊവ്വാഴ്ച പുലർച്ചെ ഗാസ സിറ്റിയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള അൽ-സിനാ തെരുവിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി വീടുകൾ തകർന്നു, രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തതായി സിവിൽ ഡിഫൻസ് അറിയിച്ചു. ഈ സമയത്ത് വീടുകളിൽ ഉണ്ടായിരുന്നതായി കരുതുന്ന 12 പേർക്കായി തിരച്ചിൽ തുടരുകയാണ്. സെൻട്രൽ ഗാസയിൽ അൽ-സാൽഹി കുടുംബത്തിന്റെ നുസെയ്റാത്ത് ക്യാമ്പിലെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ നാല് പാലസ്തീനികൾ കൊല്ലപ്പെട്ടതായി കൂട്ടിച്ചേർത്തു. തെക്കൻ ഗാസയിൽ, കിഴക്കൻ ഖാൻ യൂനിസിലെ ബാനി സുഹേലയിൽ വീടിന് നേരെ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് ഒരു കുടുംബത്തിലെ 10 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അൽ ഫുഖാരി ജില്ലയിൽ ഒരു കുടുംബത്തിലെ ആറ് പേർ കൊല്ലപ്പെട്ടു. 2023 ഒക്ടോബർ 7ന് ശേഷം ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ കുറഞ്ഞത് 42,289 പേർ കൊല്ലപ്പെടുകയും 98684 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.