
ന്യൂയോർക്ക്: ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിന് യു.എസിന്റെ പിന്തുണ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ന്യൂയോർക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് പുറത്ത് പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തിങ്കളാഴ്ചയാണ് ‘ജൂ വോയ്‌സ് ഫോർ പീസ് എന്ന സംഘടനയിൽ നിന്നടക്കമുള്ള 200ലധികം പാലസ്തീൻ അനുകൂല പ്രകടനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഗാസക്കെതിരായ ഇസ്രയേൽ ആക്രമണത്തിനുള്ള അമേരിക്കൻ പിന്തുണക്കെതിരായ ഏറ്റവും പുതിയ രോഷപ്രകടനമാണിത്. നൂറുകണക്കിന് പേർ മാൻഹട്ടൻ ഡൗണ്ടൗണിലെ ബ്രോഡ് സ്ട്രീറ്റിലെ പ്രധാന കെട്ടിടത്തിനുപുറത്ത് സ്ഥാപിച്ച പൊലീസ് ബാരിക്കേഡ് ചാടിക്കടന്നു. എന്നാൽ ആരും സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനുള്ളിൽ കയറിയില്ല. 'ഗാസയെ ജീവിക്കാൻ അനുവദിക്കൂ' തുടങ്ങിയ മുദ്രാ വാക്യങ്ങളും പ്രതിഷേധകർ മുഴക്കി. 200റോളം പേരെ അറസ്റ്റ് ചെയ്തതായി കണക്കാക്കുന്നു എന്നാൽ കൃത്യമായി ഒരു അന്തിമ സംഖ്യ നൽകാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പ്രതിഷേധത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. പ്രതിഷേധക്കാരെ ഓരോരുത്തരെയായി പൊലീസ് അറസ്റ്റ് ചെയ്ത് കൈകൾ പിന്നിൽ കെട്ടി വാനുകളിലേക്ക് നയിക്കുന്നത് വീഡിയോയിൽ കാണാം. ചിലരെ മൂന്നോ നാലോ പൊലീസുകാർ എടുത്ത് കൊണ്ടുപോകുന്നതും കാണാൻ കഴിയും. 500റാളം പ്രതിഷേധകർ പങ്കെടുത്തു എന്നാണ് ജൂത സംഘടന പറഞ്ഞത്. സംഭവത്തിൽ സ്റ്രോക്ക് എക്സ്ചേഞ്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.