
ന്യൂഡല്‍ഹി: രാജ്യത്തെ ഗ്രാമീണ കുടുംബങ്ങളുടെ മാസവരുമാനം 57.6 ശതമാനം വര്‍ദ്ധിച്ചുവെന്ന് സര്‍വേ റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് ഈ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് നബാര്‍ഡ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രാമീണ കുടുംബങ്ങളുടെ ശരാശരി പ്രതിമാസ വര്‍ദ്ധനവ് 8059 രൂപയായിരുന്നുവെങ്കില്‍ ഇപ്പോഴത് 12,698 രൂപയാണ്. വാര്‍ഷിക സമ്പാദ്യത്തിന്റെ കാര്യത്തിലും മാറ്റം പ്രകടമാണ്.
2021-22ലെ കണക്കുകളില്‍ വാര്‍ഷിക വരുമാനം 66 ശതമാനം ഉയര്‍ന്ന് 13,209 രൂപയായി. 2016-17ല്‍ ഇത് 9104 രൂപയായിരുന്നു. ഗ്രാമീണ മേഖലയിലെ സമ്പാദ്യത്തില്‍ മുന്നില്‍ കാര്‍ഷിക കുടുംബങ്ങളാണ്. 71 ശതമാനം കാര്‍ഷിക കുടുംബങ്ങള്‍ക്കും സമ്പാദ്യ ശീലമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ഷികേതര കുടുംബങ്ങളില്‍ ഇത് 58 ശതമാനം മാത്രമാണെന്നത് ശ്രദ്ധേയമാണ്. 11 സംസ്ഥാനങ്ങളില്‍ 70 ശതമാനത്തിലധികം കുടുംബങ്ങളും സമ്പാദിക്കുന്നു. 93 ശതമാനം കുടുംബങ്ങള്‍ക്കും സമ്പാദ്യ ശീലമുള്ള ഉത്തരാഖണ്ഡാണ് മുന്നില്‍.
ഉത്തര്‍പ്രദേശ് (84ശതമാനം), ജാര്‍ഖണ്ഡ് (84 ശതമാനം) എന്നിവയും മുന്നിലാണ്. കേരളമുള്‍പ്പെടെയുള്ള ബാക്കി സംസ്ഥാനങ്ങളില്‍ പകുതിയില്‍ താഴെ കുടുംബങ്ങള്‍ക്ക് മാത്രമാണ് സമ്പാദ്യശീലമുള്ളതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒരു ലക്ഷം ഗ്രാമീണ കുടുംബങ്ങളെ ഉള്‍പ്പെടുത്തിയാണ് നബാര്‍ഡ് സര്‍വേ നടത്തിയത്. രണ്ടാമത് നബാര്‍ഡ് ഓള്‍ ഇന്ത്യ റൂറല്‍ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ (നാഫിസ്) സര്‍വ്വേയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.