railway

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയില്‍ ഇനി അതിവേഗ ട്രെയിനുകളുടെ കാലമാണ് വരാനിരിക്കുന്നത്. രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ മാസങ്ങള്‍ക്കുള്ളില്‍ ഓടിത്തുടങ്ങും. മുംബയ് - അഹമ്മദാബാദ് റൂട്ടില്‍ ബുള്ളറ്റ് ട്രെയിന്‍ ഓടിക്കുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. കൂടുതല്‍ റൂട്ടുകളില്‍ ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാനുള്ള സമഗ്ര പദ്ധതികള്‍ക്ക് രൂപം നല്‍കുകയാണ് റെയില്‍വേ. അതിനിടെ, ഇന്ത്യ നിര്‍മിക്കുന്ന ഹൈസ്പീഡ് ട്രെയിന്‍ വൈകാതെ ട്രാക്കിലേക്ക് എത്തുമെന്ന് വ്യക്തമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാന്‍ ശേഷിയുള്ള ഹൈസ്പീഡ് ട്രെയിന്‍ ആണ് ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്നത്. 2026 ഡിസംബറില്‍ തന്നെ ഇവ ട്രാക്കിലേക്ക് എത്തുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ ഭാരത് എര്‍ത് മൂവേഴ്‌സ് ലിമിറ്റഡിനാണ് കരാര്‍ നല്‍കിയത്. രാജ്യത്തിന്റെ അതിവേഗക്കുതിപ്പിന് വന്‍ മുതല്‍ക്കൂട്ടാകും ട്രെയിനെന്നും റെയില്‍വേയുടെ മുഖച്ഛായ മാറുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

മുംബയ് - അഹമ്മദാബാദ് റൂട്ടില്‍ തന്നെയാണ് ഇന്ത്യ നിര്‍മിക്കുന്ന ട്രെയിനും ഓടിത്തുടങ്ങുക. കരാര്‍ ലഭിച്ച വിവരവും അതോടൊപ്പം കരാറിന്റെ വിശദാംശങ്ങളും ബെമല്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. പൂര്‍ണമായും ശീതീകരിച്ച കോച്ചുകളാകും ഹൈസ്പീഡ് ട്രെയിനുകളില്‍ ഉപയോഗിക്കുന്നത്. പൂര്‍ണമായും ചെയര്‍ കാറുകളാണെങ്കിലും 360 ഡിഗ്രിയില്‍ തിരിയാനും അതോടൊപ്പം തന്നെ മുന്നിലേക്ക് മടക്കി വയ്ക്കാനും കഴിയുന്നതാകും സീറ്റുകള്‍. ഭിന്നശേഷിസൗഹൃദമായിട്ടായിരിക്കും കോച്ചുകളും ഇരിപ്പിടങ്ങളും രൂപകല്‍പ്പന ചെയ്യുക.

ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്നുമാണ് രൂപകല്‍പ്പനയ്ക്കും നിര്‍മാണത്തിനും പുറത്തിറക്കാനുമുള്ള കരാര്‍ ബെമലിന് ലഭിച്ചത്. രണ്ട് ട്രെയിനുകള്‍ക്കാണ് നിലവില്‍ കരാര്‍ നല്‍കിയിരിക്കുന്നത്.