
കൊച്ചി: ഓണ്‍ലൈനില്‍ വാങ്ങിയ ചുരിദാര്‍ മാറ്റിനല്‍കാത്ത സഥാപനത്തിന് പിഴശിക്ഷ വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ഉത്പന്നത്തിന്റെ വിലയും നഷ്ടപരിഹാരവും കോടതി ചെലവുമടക്കം 9,395 രൂപ ഉപഭോക്താവിന് നല്‍കാനാണ് ഉത്തരവ്.
ആലപ്പുഴയിലെ ഇഹ ഡിസൈന്‍സ് ബ്രൈഡല്‍ സ്റ്റുഡിയോയ്‌ക്കെതിരേ ഇടപ്പള്ളി സ്വദേശി കെ.ജി. ലിസ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
അദ്ധ്യാപികയായ പരാതിക്കാരി 1,395 രൂപ നല്‍കിയാണ് സ്റ്റിച്ച് ചെയ്ത ചുരിദാറിന് ഓര്‍ഡര്‍ നല്‍കിയത്. ഓര്‍ഡര്‍ നല്‍കിയ ഉടന്‍ ഉത്പന്നത്തിന്റെ കളര്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടു. കളര്‍ മാറ്റം സാദ്ധ്യമല്ലെന്ന് സ്ഥാപനം അറിയിച്ചപ്പോള്‍ ഓര്‍ഡര്‍ റദ്ദാക്കാന്‍ പരാതിക്കാരി ശ്രമിച്ചെങ്കിലും സമ്മതിച്ചില്ല.
നല്‍കിയ തുക മറ്റ് ഓര്‍ഡറുകള്‍ക്ക് ക്രെഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും അതും നിരസിക്കപ്പെട്ടു. ഉത്പന്നം തപാലില്‍ അയച്ചു കഴിഞ്ഞു എന്നാണ് സ്ഥാപനം അറിയിച്ചത്. എന്നാല്‍ ലഭിച്ച ചുരിദാര്‍ പരാതിക്കാരിയുടെ അളവിലല്ലായിരുന്നു. മടക്കി നല്‍കാന്‍ ശ്രമിച്ചെങ്കിലും സ്വീകരിക്കാതെ തിരിച്ചയച്ചു. തുടര്‍ന്നാണ് ലിസ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
വിറ്റഉത്പന്നം മാറ്റി നല്‍കുകയോ തിരിച്ചെടുക്കുകയോ ചെയ്യില്ലെന്ന നിലപാട് അധാര്‍മ്മിക വ്യാപാര രീതിയാണെന്ന് വ്യക്തമാക്കിയാണ് ഡി.ബി. ബിനു അദ്ധ്യക്ഷനും വി. രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് സ്ഥാപനത്തിന് പിഴ വിധിച്ചത്. തുക 45 ദിവസത്തിനകം പരാതിക്കാരിക്ക് നല്‍കണമെന്നും ഉത്തരവായി. പരാതിക്കാരിക്കുവേണ്ടി അഡ്വ. ജസ്വിന്‍ പി. വര്‍ഗീസ് ഹാജരായി.