
ദിവസവും ജോലിക്ക് ശേഷം ആഹാരമെല്ലാം കഴിഞ്ഞ് ഒരിത്തിരി മദ്യം കഴിക്കുന്ന നിരവധി പേർ നമ്മുടെ നാട്ടിലുണ്ട്. ആരോഗ്യത്തിന് ഇത് വളരെ നല്ലതാണെന്നോ ആഹാരത്തിലെ മോശം അംശങ്ങളെ മദ്യം നശിപ്പിക്കും എന്നെല്ലാമാണ് പലരും കരുതിവച്ചിരിക്കുന്നത്. എന്നാൽ ഈ ചിന്ത ശരിയല്ല. മദ്യം ഏതളവിൽ എപ്പോൾ കഴിച്ചാലും അത് ശരീരത്തിനും പൊതുവിൽ നമ്മുടെ വ്യക്തിത്വത്തിനും ദോഷമാണ്.
ആഹാരത്തിന് മുൻപ് വെറും വയറ്റിൽ മദ്യം കഴിച്ചാലോ? അപ്പോഴും അപകടമാണ് വയറ്റിലൂടെ ചെറുകുടലിലെത്തുന്ന മദ്യം വളരെപെട്ടെന്ന് നമ്മെ ബാധിക്കും. ഇത് പെട്ടെന്ന് കിക്കാകുന്ന അവസ്ഥയുണ്ടാക്കും. ആരോഗ്യത്തിന് വളരെ മോശമാണിത്.
ആഹാരം കഴിച്ചുകൊണ്ട് മദ്യപിക്കുന്ന സ്വഭാവവും ചിലർക്കുണ്ട്. ഇതും തെറ്റാണ്. കാരണം ഈ സമയം കൂടുതൽ ഉപ്പുള്ള ഭക്ഷണം കഴിക്കാൻ ശ്രമിക്കുമ്പോൾ കൂടുതൽ ദാഹം തോന്നുകയും വീണ്ടും മദ്യപിക്കാൻ ശ്രമിക്കുകയും ചെയ്യും. എപ്പോഴും കൂടുതൽ വെള്ളം കുടിക്കാനാണ് ഈ സമയം ശ്രമിക്കേണ്ടത്.
മദ്യപാനത്തിന് മുൻപായി ധാരാളം ജലാംശമടങ്ങിയ ഭക്ഷണസാധനങ്ങളാണ് കഴിക്കേണ്ടത്. വെള്ളരിക്ക, റാഡിഷ്, തക്കാളി എന്നിവയൊക്കെ ഉദാഹരണം. പഴങ്ങളിൽ കൂടുതൽ നാരുകളടങ്ങിയത് കഴിക്കുന്നത് വയറിന് നല്ലതാണ്. മദ്യം ആമാശയത്തെ വൃത്തിയാക്കും എന്ന തെറ്റിദ്ധാരണ ചിലർക്കുണ്ട്. അത് ശരിയല്ല മദ്യത്തിന്റെ സാന്ദ്രതയും സാനിറ്റൈസറിന്റെ സാന്ദ്രതയും വ്യത്യസ്‌തമാണ്. അതിനാൽ ഇത്തരത്തിൽ വൃത്തിയാക്കാനുള്ള കഴിവൊന്നും മദ്യത്തിനില്ല.