
കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ പിപി ദിവ്യക്കെതിരെ പൊലീസിൽ പരാതി നൽകി നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു. പിപി ദിവ്യ, എഡിഎം നവീൻ ബാബുവിനെ ഭീഷണിപ്പെടുത്തിയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്നും പ്രവീൺ ബാബുവിന്റെ പരാതിയിൽ ആവശ്യപ്പെടുന്നു.
എഡിഎമ്മിന്റെ മരണത്തിൽ ദിവ്യയുടെയും പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സഹോദരന്റെ മരണത്തിലെ ദുരൂഹത നീങ്ങണമെന്നും പ്രഥമദൃഷ്ട്യാ ദിവ്യക്കെതിരെ കേസെടുക്കാനുള്ള തെളിവുണ്ടെന്നും ഹൈക്കോടതി അഭിഭാഷകൻ കൂടിയായ പ്രവീൺ ബാബു ചൂണ്ടിക്കാട്ടുന്നു.
നവീൻ ബാബുവിന്റെ സംസ്കാരം നാളെയാണ്. പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ രാത്രി 12.30യോടെ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമേ മൃതദേഹം നാട്ടിലെത്തിക്കാനാവൂ. അതിനാൽ മോർച്ചറിയിൽ സൂക്ഷിച്ച ശേഷം നാളെ ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കാനാണ് തീരുമാനം. കാസർകോട്, കണ്ണൂർ കളക്ടർമാരുടെ സാന്നിദ്ധ്യത്തിലാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടിവി രാജേഷ്, ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി തുടങ്ങിയവർ ആശുപത്രിയിലെത്തി അന്തിമോപചാരമർപ്പിച്ചു. എംവി ജയരാജനും ടിവി രാജേഷും മൃതദേഹത്തെ അനുഗമിച്ച് പത്തനംതിട്ടയിലേക്ക് പോകും.