tintu

കൊച്ചി: മലയാളി സംരംഭകന്റെ പാരീസിലെ 'ഗ്രാമം ഭോജനശാല" സൂപ്പർ ഹിറ്റ്. ചട്ടിച്ചോറും കപ്പയും മീൻകറിയും തെങ്ങിൻ കള്ളും ഉൾപ്പെടെയുള്ള തെന്നിന്ത്യൻ വിഭവങ്ങൾക്കാണ് മാർക്കറ്റ്. കുമളി സ്വദേശി പി.ടി. ടിന്റു (39) വാണ് ജന്മനാട്ടിലെ നൊസ്റ്റാൾജിക് വിഭവങ്ങളുമായി ലോക ഫാഷന്റെ ഈറ്റില്ലത്തിൽ വേരുറപ്പിച്ചത്.

തേക്കടിയിൽ ടൂറിസ്റ്റ് ഗൈഡായിരുന്ന ടിന്റു 2012ലാണ് പാരീസിലെത്തിയത്. വിനോദസഞ്ചാരമേഖലയിലെ ജോലിക്കിടെ കെട്ടിടം വാടകയ്ക്കെടുത്ത് ഹോംസ്റ്റേ തുടങ്ങി. സഞ്ചാരികൾക്ക് താമസ സൗകര്യത്തോടെപ്പം പ്രാതലും നൽകിയതോടെ ഹോംസ്റ്റേ വിജയമായി.

ഇതോടെ കേരളീയ ഭക്ഷണം കൂടി വിളമ്പുന്ന റസ്റ്റോറന്റ് തുടങ്ങി. 20 മുറികളുള്ള ഹോട്ടലും, ഫ്രഞ്ച് - സൗത്ത് ഇന്ത്യൻ വിഭവങ്ങളും മദ്യവും വിളമ്പുന്ന ബാർ റസ്റ്റോറന്റുമൊക്കെയായി ടിന്റുവിന്റെ സംരംഭം വളർന്നു. കഴിഞ്ഞമാസം പാരീസിലെ ഔദ്യോഗിക ടൂറിസം മാഗസിനായ 'Bonjour Bobigny" ൽ 'ഗ്രാമം ഭോജനശാല"യെ കുറിച്ചുള്ള ലേഖനംകൂടി വന്നതോടെ സംരംഭം സൂപ്പർ ഹിറ്റായി.

മറ്റു രാജ്യങ്ങളിലും ഫ്രാഞ്ചൈസികൾ തുടങ്ങാനുള്ള പരിശ്രമത്തിലാണ് ടിന്റു. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽ കഴിഞ്ഞമാസം ശാഖ തുറന്നു. സിംഗപ്പൂർ, മലേഷ്യ, തായ്‌ലാൻഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള സംരംഭകർ ഫ്രാഞ്ചൈസിക്ക് സമീപിച്ചിട്ടുണ്ടെന്ന് ടിന്റു പറഞ്ഞു.

കുമളി അട്ടപ്പള്ളം പുളിക്കപ്പറമ്പിൽ പരേതനായ തങ്കച്ചന്റെയും മുൻ എൽ.ഐ.സി ഏജന്റ് ഉഷയുടെയും മകനാണ് പി.ടി. ടിന്റു. ഭാര്യ: സന്ധ്യ (മസ്കറ്റിൽ നഴ്സ്). മകൻ: ടിവൻ (4വയസ്).


പഴങ്കഞ്ഞിക്ക് 1700രൂപ


15 യൂറോയ്ക്ക് ഫ്രഞ്ച് പാരമ്പര്യ ഭക്ഷണവും 10-18 യൂറോയ്ക്ക് തെന്നിന്ത്യൻ വിഭവങ്ങളും ലഭിക്കും. പഴങ്കഞ്ഞിക്ക് 18യൂറോ (1700രൂപ). ചട്ടിയിൽ വിളമ്പുന്ന ശ്രീലങ്കൻ തെങ്ങിൻ കള്ളും ഇഡലി, ദോശ,ചമ്മന്തി, ചിക്കൻ, മട്ടൻ, മീൻകറി തുടങ്ങിയവയുമെല്ലാം പ്രിയങ്കരം.