virakupurakotta

തിരുവനന്തപുരം. വിറകുപുരകോട്ട എന്നുപറഞ്ഞാൽ ഇന്ന് എത്ര പേർക്കറിയാം. കോട്ടയ്ക്കകത്ത് വടക്കേഭാഗത്തായി 'ശ്രീകണ്‌ഠേശ്വരം കോട്ടവാതിലി'നു സമീപം കരിങ്കൽ കോട്ടമതിൽ അവസാനിക്കുന്നു. അവിടെയാണ് 'വിറകുപുരകോട്ട' എന്ന കേരളത്തിലെ ഏറ്റവും വലിയ മൺകോട്ട നിലനിന്നിരുന്നത്.ഒരു ഭാഷാചരിത്ര ദേശവുമാണ് വിറകുപുരകോട്ട മുക്ക് എന്നത് പുതു തലമുറയ്ക്ക് ഒരു പുതു അറിവാകാം.
ഈ കോട്ടയുടെ ഇരുവശത്തുമായാണ് ഭാഷയ്ക്ക് മഹത്തായ സംഭാവന നൽകിയ നാലു വ്യക്തികൾ ജനിച്ചത്. 'ഗാനശാഖയുടെ പിതാവെ'ന്ന് വിശേഷിപ്പിക്കുന്ന ഇരയിമ്മൻ തമ്പി,ആദ്യ കവയിത്രിയായ കുട്ടിക്കുഞ്ഞു തങ്കച്ചി,ആദ്യ ഭാഷാചരിത്രമെഴുതിയ സർവാധികാര്യക്കാർ പി.ഗോവിന്ദപിള്ള,ഭാഷയിലെ ലക്ഷണമൊത്ത ആദ്യനിഘണ്ടുവായ 'ശബ്ദതാരാവലി'യുടെ കർത്താവ് ശ്രീകണ്ഠേശ്വരം ജി.പത്മനാഭപിള്ള എന്നിവർക്ക് ജന്മം നൽകിയ ഒരു ചരിത്ര ദേശം!
ഇന്ന് ഇലക്ട്രോണിക്സ് ഹബായി മാറിയ തകരപ്പറമ്പ് മുക്കുവരെ നീണ്ട ആ മൺകോട്ട 1975ൽ പൂർണമായി തകർന്നു. അന്ന് പൊളിച്ചുനീക്കിയ ശേഷമാണ് തകരപ്പറമ്പു റോഡ് ഉണ്ടായത്.1747ൽ അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മ മഹാരാജാവിന്റെ ഉത്തരവുപ്രകാരം ശില്പി തൈക്കാട്ട് കേശവൻ വിഷ്ണുത്രാതനാണ്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തെയും കൊട്ടാരങ്ങളാകുന്ന കോയിക്കലുകളെയും സംരക്ഷിക്കാൻ നാലു പുറമായി കോട്ടകൾ കെട്ടാൻ സ്ഥലമളന്നുതിരിച്ച് അടിസ്ഥാനമിട്ടത് .

'കിഴക്കേകോട്ട'യിൽ തുടങ്ങി 'വെട്ടിമുറിച്ചകോട്ട' വഴി 'തെക്കേകോട്ട' വരെ ചെങ്കല്ലും ചീക്കല്ലും ചുണ്ണാമ്പും കൊണ്ട് കോട്ടമതിൽ പണിഞ്ഞപ്പോൾ,തെക്കുപടിഞ്ഞാറുഭാഗം തൊട്ട് 'പടിഞ്ഞാറെ കോട്ട' വഴി വടക്കേ ഭാഗത്ത് 'ശ്രീകണ്ഠേശ്വരം കോട്ടവാതിൽ' വരെ കരിങ്കല്ല് കൊണ്ട് അടുക്കിപൂട്ടിയാണ് മതിലു കെട്ടിയത്. കോട്ടകൾ പുരാവസ്തുക്കളല്ലാതാകുകയും, സംരക്ഷണം പൊതുമരാമത്ത് വകുപ്പിനു കൈമാറുകയും ചെയ്തതോടെ മൺകോട്ടയുടെ തകർച്ച തുടങ്ങി. 1977 -78ൽ മൺകോട്ട ഏതാണ്ട് പൂർണമായും നീക്കം ചെയ്തതോടെ കോട്ടയുടെ അകവും പുറവും എന്ന വേർതിരിവില്ലാതെ അതു പിന്നീട് തകരപ്പറമ്പ് റോഡായി മാറി. എങ്കിലും നാട്ടുകാർ ഇന്ന് ആ മൺകോട്ടയുടെ ഓർമ്മ നിലനിറുത്താൻ ഈ പ്രദേശത്തെ ജനകീയകൂട്ടായ്മയ്ക്ക് "വിറകുപുരകോട്ട പൗരസമിതി" എന്നാണ് പേരു നൽകിയിട്ടുള്ളത്.

(ലേഖകൻ ചരിത്ര ഗവേഷകനാണ്)

നാളെ: തകരപ്പറമ്പിലെ പ്രശ്നങ്ങൾ