
തമിഴ് സിനിമയിൽ അഭിനയിക്കണമെന്ന സ്വപ്നമേ രമ്യ സുരേഷ് കണ്ടുള്ളു. എന്നാൽ ആദ്യമായി തമിഴിൽ അഭിനയിച്ചത് രജനികാന്തിനൊപ്പം വേട്ടയ്യൻ സിനിമയിൽ. വേട്ടയ്യന്റെ റിലീസിനു മുൻപേ സൂര്യ നായകനായി കാർത്തിക് സുബരാജ് സംവിധാനം ചെയ്യുന്ന സിനിമയിലും അഭിനയിച്ച രമ്യ സുരേഷ് മൂന്നാമത്തെ തമിഴ് ചിത്രത്തിന്റെ സേലത്തെ ലൊക്കേഷനിൽ. കുട്ടൻപിള്ളയുടെ ശിവരാത്രികളിൽ നിന്നാരംഭിച്ച അഭിനയ യാത്രയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളത്തിലും തിളങ്ങുന്ന രമ്യ സുരേഷ് വിശേഷങ്ങൾ പങ്കിടുന്നു.
അത്ഭുതത്തെ കണ്ടു
പടവെട്ട് സിനിമ കണ്ട് കാസ്റ്റിംഗ് ഡയറക്ടർ സൂരി ആണ് വേട്ടയ്യനിൽ വിളിക്കുന്നത്. രജനി സാറിന്റെ സിനിമ എന്ന് കേട്ടപ്പോൾ ഞെട്ടി. ദുഷാര വിജയൻ അവതരിപ്പിച്ച ശരണ്യഎന്ന കഥാപാത്രത്തിന്റെ അമ്മവേഷം. എല്ലാവരുടെയും കൂടെ കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നു. എന്നാൽ സിനിമ വന്നപ്പോൾ രജനി സാറുമായും ഫഹദുമായും മാത്രം. എന്നാൽ അഭിനയ പ്രാധാന്യം നിറഞ്ഞ കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. നാഗർകോവിലും ചെന്നൈയിലുമായിരുന്നു ഷൂട്ടിംഗ്. ലാളിത്യം നിറഞ്ഞ വ്യക്തിത്വത്തിന് ഉടമയാണ് രജനി സാർ. കൂടെയുള്ളവരുടെ ഒപ്പം കസേര ഇട്ട് ഇരിക്കുന്ന രജനി സാറിനെ ലൊക്കേഷനിൽ കണ്ടു. ഇന്ത്യൻ സിനിമയുടെ അത്ഭുതം എന്ന ഭാവമൊന്നുമില്ല. സാറിനൊപ്പം ഫോട്ടോ എടുത്തു. രാംപ്രകാശ് രായപ്പ സംവിധായകനായും നായകനായും എത്തുന്നതാണ് മൂന്നാമത്തെ തമിഴ് സിനിമ. സുമേഷ് ആൻഡ് രമേഷിൽ അഭിനയിച്ച ദേവികയാണ് നായിക.
മലയാളത്തിൽ കുറവ്
സിനിമയിൽ വരുമെന്ന് പ്രതീക്ഷിച്ചതല്ല. വിവാഹം കഴിഞ്ഞ് രണ്ടു മക്കളുടെ അമ്മയായ ശേഷമാണ് വരുന്നത്. പ്രേക്ഷകർ തരുന്ന പിന്തുണ ആത്മവിശ്വാസവും സന്തോഷവും തരുന്നു. ടൈപ്പ് കാസ്റ്റ് ആകുന്നുവെന്ന ഉപദേശം തരുന്നവരുണ്ട്. എന്നിലേക്ക് വരുന്ന കഥാപാത്രങ്ങളാണ് ചെയ്യുന്നത്. ഞാൻ പ്രകാശൻ ഉൾപ്പെടെയുള്ള സിനിമയിലെ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടത് കൊണ്ടാകാം അത്തരം വേഷങ്ങൾ തന്നെ തേടിവരുന്നത്. മാറ്റങ്ങൾ വരുത്തി ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഉപേക്ഷിച്ച ചില കഥാപാത്രങ്ങളുണ്ട്. അതിൽ മഞ്ഞുമ്മൽ ബോയ്സ് പെട്ടു പോയതിനാൽ എനിക്ക് അത് നഷ്ടം മാത്രമേ വരുത്തിയുള്ളു. ഇനി വരുന്നത് ഉപേക്ഷിക്കില്ല. മലയാളത്തിൽ ആനന്ദ് ശ്രീബാല, എ പാൻ ഇന്ത്യൻ സ്റ്റോറി, രണ്ടാം യാമം തുടങ്ങിയ ചിത്രങ്ങളാണ് റിലീസിന്. മലയാളത്തിൽ സിനിമകൾ കുറവാണ്.
സിനിമയുടെ എണ്ണം കുറവാകുന്നതുകൊണ്ടോ ബഡ്ജറ്റ് കുറയുന്നതുകൊണ്ടോ സാമ്പത്തികം ചോദിക്കുന്നവരെ മാറ്റുന്നതാണോ എന്ന് അറിയില്ല. ഒരാളില്ലെങ്കിൽ മറ്റൊരാളുണ്ട് ആ വേഷം ചെയ്യാൻ. ആർക്കുവേണ്ടിയും ആരും കാത്തിരിക്കുന്നില്ല.