farm

പാലക്കാട്: സംസ്ഥാനത്ത് ആയിരം ഹെക്ടർ പഴത്തോട്ടങ്ങൾക്ക് ജിയോ ടാഗിംഗ് ഏർപ്പെടുത്തുന്നു. കയറ്റുമതി സാദ്ധ്യതയേറെയുള്ള നേന്ത്രപ്പഴം, അവക്കാഡോ, മാങ്ങ, മാങ്കോസ്റ്റീൻ, പപ്പായ, റംബൂട്ടാൻ തോട്ടങ്ങളാണ് ജിയോ ടാഗിംഗ് ചെയ്യുന്നത്. കൃഷി വകുപ്പിന്റെ സബ്‌സിഡി അടക്കമുള്ള ആനുകൂല്യങ്ങൾക്കായി തിരഞ്ഞെടുത്ത തോട്ടങ്ങളെയാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുക.

ജിയോ കോർഡിനേറ്റുകളുടെ സഹായത്തോടെ തോട്ടങ്ങളുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം നിർണയിക്കുന്നതോടൊപ്പം ഫോട്ടോ, കൃഷിരീതി, ഉത്പാദനം അടക്കമുള്ള വിവരങ്ങൾകൂടി ലഭ്യമാകുന്ന തരത്തിലാവും ജിയോടാഗിംഗ് പൂർത്തിയാക്കുക. കേരള ബ്രാൻഡിൽ ഉത്പന്നങ്ങളുടെ കയറ്റുമതിക്കാവശ്യമായ തുടർനടപടികളും ഉണ്ടാവും.

പഴം ഉത്പാദനരംഗത്ത് ക്ലസ്റ്റർ തലത്തിൽ നൽകി വരുന്ന പ്രത്യേക സബ്‌സിഡിക്കായി ഇനി മുതൽ വിവിധതരം പഴം കർഷകരുടെ കൂട്ടായ്മകളെയും ഉൾപ്പെടുത്തും. ഇതുവരെ ക്ലസ്റ്ററിനായി വേണ്ട അഞ്ചേക്കർ കൃഷിയും ഒരേയിനത്തിലുള്ള പഴങ്ങളാവണമെന്ന വ്യവസ്ഥയുമാണ് പരിഷ്കരിച്ചത്. പഴം ഉത്പാദകരുടെ ക്ലസ്റ്റർ രൂപവത്കരിക്കാൻ കൃഷിസമൃദ്ധി പഞ്ചായത്തുകൾക്ക് പ്രത്യേക പരിഗണന നൽകും. 50 സെന്റിൽ പഴംകൃഷി ചെയ്യുന്നവരെയും ആനുകൂല്യ പട്ടികയിൽ ഉൾപ്പെടുത്തും. നിലമൊരുക്കൽ, തൊഴിലാളികളുടെ കൂലി, നടീൽ എന്നിവയുടെ ചെലവുകളടക്കം 75 ശതമാനം വരെ സബ്‌സിഡി ലഭിക്കും.

വിവിധ ജില്ലകളിലായി ആദ്യഘട്ടത്തിൽ ജിയോടാഗ് ചെയ്യുന്ന പഴത്തോട്ടങ്ങളുടെ വിസ്‌തൃതി ഹെക്ടറിൽ:

 നേന്ത്രവാഴ-405

 അവക്കാഡോ-25

 ഡ്രാഗൺ ഫ്രൂട്ട്-25

 ചക്ക-125

 മാങ്ങ-150

 മാങ്കോസ്റ്റീൻ-20

 പപ്പായ-50

 റംബൂട്ടാൻ-150