momos

അടുത്തിടെയായി ഫുഡ്ഡികളുടെ പ്രിയ വിഭവമായി മാറിയ ഒന്നാണ് മോമോസ്. വ്യത്യസ്ത തരം മോമോസുകൾ വിൽക്കുന്ന ചെറുകടകൾ ഇന്ന് ഇന്ത്യൻ തെരുവുകളിൽ കാണാം. വെജിറ്റബിൾ, ചിക്കൻ, മീറ്റ്, പനീർ മോമോസുകളാണ് തുടക്കത്തിൽ ഉണ്ടായിരുന്നതെങ്കിലും ഇന്ന് മാഗി മോമോസ് തുടങ്ങി ഡ്രൈ ഫ്രൂട്ട്‌സ് മോമോസ് വരെ ലഭ്യമാണ്. എന്നാലിപ്പോൾ മോമോസ് പ്രേമികളെ ഞെട്ടിച്ചുകൊണ്ട് പുതിയൊരു ഐറ്റം പിറവികൊണ്ടിരിക്കുകയാണ്. ഫ്രൂട്ട് മോമോസ് ആണ് ഫുഡ്ഡി പേജുകളിൽ ശ്രദ്ധനേടുന്നത്.

ഡൽഹിയിലെ ഒരു തെരുവ് കച്ചവടക്കാരനാണ് 170 രൂപയ്ക്ക് ഫ്രൂട്ട് മോമോസ് വിൽക്കുന്നത്. ഫ്രൂട്ട് മോമോസ് തയ്യാറാക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ആദ്യം കച്ചവടക്കാരൻ ആപ്പിൾ, വാഴപ്പഴം, പേരയ്ക്ക തുടങ്ങിയ പഴങ്ങൾ ചെറിയ കഷ്ണങ്ങളാക്കി വയ്ക്കുകയാണ് ചെയ്യുന്നത്. ശേഷം വലിയ അളവിൽ ബട്ടർ എടുക്കുകയും അരിച്ചുവച്ചിരിക്കുന്ന പഴങ്ങൾ വറുത്തെടുക്കുകയും ചെയ്യുന്നു. അട‌ുത്തതായി ഇതിലേയ്ക്ക് ലിക്വിഡ് ചീസ്, ക്രീം എന്നിവ ചേർക്കുന്നു. അൽപ്പം വെള്ളം കൂടി ചേർത്തതിനുശേഷം ചില്ലി ഫ്ളേക്‌സ്, ഉപ്പ്, മിക്‌സഡ് ഹെർബുകൾ, പാൽ എന്നിവ കൂടി ചേർക്കുന്നു. എല്ലാം നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം ഫ്രൈ ചെയ്ത പനീർ മോമോസ് ചേർത്തിളക്കുന്നു. ശേഷമിത് കസ്റ്റമറിന് നൽകുന്നതാണ് വീഡിയോയിലുള്ളത്.

എന്നാൽ മോമോസ് പ്രേമികൾ പുതിയ വിഭവത്തോട് നോ പറയുകയാണ്. 'ഈ വിഭവത്തിന് പകരം ഞാൻ വിഷം കഴിച്ചോളം, നരകത്തിൽ അദ്ദേഹത്തെ എണ്ണയ്ക്ക് പകരം അമൂൽ ബട്ടറിലായിരിക്കും വറുക്കുന്നത്, ഇത് വിഷമാണ് എനിക്ക് വേണ്ട' തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.