anju

ഒരുകാലത്ത് മലയാളത്തിൽ ബാലതാരമായും നായികയായും സഹനടിയായും തിളങ്ങിയ അഭിനേത്രിയാണ് അഞ്ജു. അന്യഭാഷക്കാരിയായിരുന്നിട്ടുപോലും മലയാള സിനിമാപ്രേമികൾക്ക് പ്രിയങ്കരിയായിരുന്നു താരം. കരിയറിൽ തിളങ്ങി നിന്ന സമയത്താണ് പ്രമുഖ നടനുമായി അഞ്ജുവിന്റെ വിവാഹം കഴിഞ്ഞത്. ഇതോടെ താരം സിനിമ ഉപേക്ഷിച്ച് കുടുംബജീവിതവുമായി മുന്നോട്ടുപോകുകയായിരുന്നു. എന്നാൽ ഭർത്താവുമായി പിരിഞ്ഞ അഞ്ജു അഭിനയത്തിലേക്ക് മടങ്ങിവരികയായിരുന്നു. ഇപ്പോൾ സീരിയലുകളിലൂടെയാണ് പ്രേക്ഷകർ അഞ്ജുവിനെ കാണുന്നത്. താരം അടുത്തിടെ ഒരു മാഗസീന് നൽകിയ അഭിമുഖമാണ് സിനിമാലോകത്ത് ചർച്ചയാകുന്നത്.

'സിനിമാജീവിതത്തിൽ നിന്നും ഒരുപാട് വിമർശനങ്ങൾ നേരിട്ടിരുന്നതായി താരം പറഞ്ഞു. 'കേളടി കണ്മണി' എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചിരുന്ന സമയത്ത് എന്നെക്കുറിച്ച് ഒരുപാട് ഗോസിപ്പുകൾ വന്നിരുന്നു. അതെല്ലാം കേട്ട് ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്. എന്നെക്കുറിച്ച് ഇങ്ങനെയൊക്കെ വന്നല്ലോ എന്ന് പറഞ്ഞ് സങ്കടപ്പെട്ടു. എന്റെ അവസ്ഥ കണ്ടിട്ട് സംവിധായകൻ മഹേന്ദ്രൻ സാർ ഒരുപാട് ആശ്വസിപ്പിച്ചിട്ടുണ്ട്. സിനിമയിൽ ഗോസിപ്പെന്ന് പറഞ്ഞാൽ സൗജന്യമായ പരസ്യം എന്നാണ് അർത്ഥമാക്കേണ്ടത്. ഗോസിപ്പ് വന്നാൽ നിങ്ങൾ പ്രശസ്ത ആയെന്നാണ് മനസിലാക്കേണ്ടതെന്ന് സാർ പറയുമായിരുന്നു.

സോഷ്യൽമീഡിയയിൽ സജീവമല്ലായിരുന്നെങ്കിലും ഒരുപാട് ബോഡി ഷെയിമിംഗ് നേരിട്ടിട്ടുണ്ട്. എന്തൊക്കെ സംഭവിച്ചാലും മുന്നോട്ടുള്ള യാത്ര അവസാനിപ്പിക്കരുതെന്നാണ് അച്ഛനും അമ്മയും പറഞ്ഞ് തന്നിട്ടുളളത്. അഭിനയത്തിൽ മാത്രമായിരുന്നു ശ്രദ്ധ. നായിക വേഷം തന്നെ വേണമെന്നൊന്നും എനിക്ക് പിടിവാശി ഇല്ലായിരുന്നു. എല്ലാ ഭാഷകളിലും അഭിനയിച്ചു. പല വേഷങ്ങൾ ചെയ്തു. കേൾവി ശക്തിയില്ലാത്തവളായും അന്ധയായും ഭ്രാന്തിയായും വില്ലത്തിയായും അഭിനയിച്ചു. അതുകൊണ്ടാണ് സീരിയലുകൾ തിരഞ്ഞെടുത്തത്.

അടുത്തിടെ ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത് ശ്രദ്ധിച്ചിരുന്നു. നമുക്ക് ഇഷ്ടമുള്ളതിനോട് സമ്മതം മൂളാനും ഇഷ്ടം ഇല്ലാത്തതിനോട് നോ എന്ന് പറയാനുമുളള ധൈര്യം ഉണ്ടാകണം. അഭിനയിക്കാൻ ഇഷ്ടം തോന്നാത്ത കഥാപാത്രങ്ങൾ ആണെങ്കിൽ ചെയ്യില്ലെന്ന് തന്നെ പറയണം. ആരും അതിന് നിർബന്ധിക്കില്ല. പണ്ട് ഇതുപോലുള്ള പ്രശ്‌നങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്. ഒരു സിനിമയുടെ ഷൂട്ടിംഗിനിടയിൽ നിന്നും ഇറങ്ങി പോകുകയും ചെയ്തിട്ടുണ്ട്.

അന്നൊന്നും കാരവൻ സൗകര്യങ്ങളില്ലായിരുന്നു. ലൊക്കേഷന് അടുത്തുള്ള വീടുകളിൽ നിന്നാണ് മേക്കപ്പും കോസ്റ്റ്യൂമും മാറ്റാറുളളത്. ഇപ്പോൾ പണ്ടത്തെ നടിമാർക്കെതിരെ നെഗറ്റീവ് കമന്റുകൾ വരുന്നുണ്ട്. ഞങ്ങളൊക്കെ ഒരുപാട് അനുഭവിച്ചിട്ടും പരാതി പറഞ്ഞില്ല എന്നാണ് പലരും പറയുന്നത്. ഞങ്ങൾ ഡിമാൻഡ് ചെയ്യാറില്ലായിരുന്നു. കാരണം അത്രയ്ക്ക് സൗകര്യങ്ങളെ അന്ന് ഉണ്ടായിരുന്നുള്ളൂ. എല്ലാവരും അഭിനയിക്കാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പുരുഷൻമാരായാലും സ്ത്രീകളായാലും'- താരം പറഞ്ഞു.