a

അമിതജോലി സമ്മർദ്ദത്താൽ മരണമടഞ്ഞ കൊച്ചി സ്വദേശിനി അന്ന സെബാസ്റ്റ്യനും,​ തുടർന്ന് അന്നയുടെ അമ്മ അനിതാ അഗസ്റ്റിൻ എഴുതിയ കത്തും ഇന്ത്യൻ കോർപറേറ്റ് ലോകത്തുണ്ടാക്കിയ അനുരണനങ്ങൾ അവസാനിച്ചിട്ടില്ല. ഈ.വൈ (നേരത്തേ ഏണസ്റ്റ് അൻഡ് യംഗ്) എന്ന സ്ഥാപനത്തിൽ ജോലിക്കു ചേർന്ന അന്നയുടെ ജീവിതത്തിലുണ്ടായ തൊഴിൽപരമായ പ്രതിസന്ധികളും,​ അതുമൂലം ആരോഗ്യനില തകരാറിലായതും മറ്റുമാണ് ആ അമ്മയുടെ കത്തിലുണ്ടായിരുന്നത്. നിലനില്പിന്റെ മത്സരം നേരിടുന്ന ഇന്ത്യയിലെ കോടിക്കണക്കിന് ചെറുപ്പക്കാർക്കു വേണ്ടിയാണ് അനിത കമ്പനി ചെയർമാൻ രാജീവ് മേമാനിക്ക് ആ കത്തെഴുതിയത്.

സമ്മർദ്ദം അധികം

ഇന്ത്യയിൽ

അമിത സ്‌ട്രെസ് കാരണം അസുഖബാധിതരാവുകയും, പെട്ടെന്ന് ഹൃദയാഘാതം സംഭവിച്ച് ചെറുപ്രായത്തിൽ ജീവിതം അവസാനിക്കുകയും ചെയ്യുന്നവരുടെ എണ്ണം കോർപറേറ്റ് ലോകത്ത് കൂടിവരികയാണ്. ഫിനാൻഷ്യൽ സെക്ടറിലും ബിസിനസ് സർവീസസിലുമാണ് ഏറ്റവുമധികം 'സ്‌ട്രെസും ബേൺ ഔട്ടു"മെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ജോലിയുടെ സമ്മർദ്ദത്താൽ ആത്മഹത്യ ചെയ്യുന്നവരുമുണ്ട്. മക്കിൻസി ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് കഴിഞ്ഞ വർഷം 30,000 കോർപറേറ്റ് ജീവനക്കാരിൽ നടത്തിയ സർവേയിൽ, ലോകത്തു തന്നെ ഏറ്റവുമധികം 'ബേൺ ഔട്ട്" ലക്ഷണങ്ങൾ കണ്ടെത്തിയത് ഇന്ത്യൻ കോർപറേറ്റ് ജീവനക്കാരിലാണ്. ഇതിലേറെ ആശങ്കാജനകമായ കാര്യം,​ 'ബേൺ ഔട്ട്" ലക്ഷണങ്ങൾ പേറുന്നവരിൽ നല്ലൊരു പങ്കും 18- 24 വയസിനിടയിൽ പ്രായമുള്ളവരാണ് എന്നതാണ്.

എന്തുകൊണ്ടാണ് കോർപറേറ്റ് ലോകത്ത് അനാരോഗ്യകരമായ പ്രവണതകളുള്ളത് എന്ന ചോദ്യത്തിന് ഉത്തരം തിരഞ്ഞാൽ ചെന്നെത്തുന്നത് ഇന്ത്യയിലെ ദുഷിച്ച തൊഴിൽ സംസ്‌കാരത്തിലായിരിക്കും. കഠിനാദ്ധ്വാനത്തെ സമയവുമായി ബന്ധിപ്പിച്ചുള്ളതാണ് നമ്മുടെ തൊഴിൽ സങ്കല്പം. കമ്പനി ഉടമകൾ മാത്രമല്ല, ജീവനക്കാരും അങ്ങനെതന്നെ വിശ്വസിക്കുന്നു. അതികഠിനമായി,​ അളവില്ലാത്ത മണിക്കൂറുകൾ തുടർച്ചയായി ജോലി ചെയ്തില്ലെങ്കിൽ തൊഴിൽപരമായ ഉയർച്ചയുണ്ടാകില്ലെന്നാണ് മിക്ക ജീവനക്കാരുടേയും വിശ്വാസം. വിദേശത്ത് മികച്ച തൊഴിൽ സംസ്‌കാരം പിന്തുടരുന്ന കമ്പനികൾ പോലും ഇന്ത്യയിലെത്തിയാൽ ഇവിടുത്തെ രീതി പിന്തുടരുന്നതായാണ് കാണുന്നത്.

കത്തിത്തീരുന്ന

ജീവിതങ്ങൾ

സ്വകാര്യമേഖലയിൽ തൊഴിൽ നിയമങ്ങൾ കൃത്യമായി നടപ്പാകുന്നുണ്ടോ എന്ന് സ്ഥിരമായി പരിശോധിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ സർക്കാരുകൾ പരാജയപ്പെടുന്നു. ഔദ്യോഗികമായി നിഷ്കർഷിച്ചിരിക്കുന്ന നിശ്ചിത മണിക്കൂറുകൾക്കു ശേഷം വീട്ടിലെത്തിയാലും അവിടെയിരുന്ന് ഓഫീസ് ജോലി നിർവഹിക്കാൻ ജീവനക്കാർ നിർബന്ധിതരാകുന്നു. കൊവിഡ് കാലത്ത് 'വർക്ക് ഫ്രം ഹോം" എന്ന ആശയം നടപ്പായതോടെ ജീവനക്കാരെ ക്രമാതീതമായി ജോലി ചെയ്യാൻ കമ്പനികൾ (പ്രത്യേകിച്ച് ഐ.ടി കമ്പനികൾ)​ നിർബന്ധിച്ചതായി പരാതികൾ ഉയർന്നിരുന്നു.

1920-ലാണ് കോർപറേറ്റ് ഭീമനായ ഹെൻ‌റി ഫോർഡ് അഞ്ചു ദിവസം എട്ടുമണിക്കൂർ വീതം എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. 1940- ൽ അമേരിക്കൻ കോൺഗ്രസ് ആഴ്ചയിൽ 40 മണിക്കൂർ ജോലി എന്നത് നിയമപരമാക്കി. പല യൂറോപ്യൻ രാജ്യങ്ങളും ഇപ്പോൾ അഞ്ചു ദിവസം ജോലിക്കു പകരം നാലു ദിവസം ജോലി നടപ്പാക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യയിൽ ഇപ്പോഴും നിയമപരമായി നിലനിൽക്കുന്നത് 48 മണിക്കൂർ ജോലിയാണ്. ഒരുപാട് കോർപറേറ്റ് സ്ഥാപനങ്ങൾ അഞ്ചു പ്രവൃത്തി ദിവസങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ശനിയും ഞായറും കൂടി വീട്ടിലിരുന്ന് ജോലി ചെയ്യേണ്ട അവസ്ഥയിലാണ് മിക്കവരും. 70-75 മണിക്കൂർ ആഴ്ചയിൽ ജോലി ചെയ്യിക്കുന്നു എന്നാണ് കണക്ക്. ഇത് യുവാക്കളുടെ സ്വകാര്യ ജീവിതത്തെയും ബാധിക്കുന്നു.

ഈ പ്രശ്നങ്ങളെ നീതിപൂർവകമായി കൈകാര്യം ചെയ്യുന്നതിനു പകരം ഇൻഫോസിസ് സഹസ്ഥാപകൻ എൻ.ആ. നാരായണമൂർത്തിയെ പോലെയുള്ള ഉന്നത കോർപറേറ്റ് ഗുരുക്കന്മാർ, യുവാക്കൾ ആഴ്ചയിൽ എഴുപത് മണിക്കൂർ ജോലിയെടുക്കണമെന്ന് പറയുന്നതു കേൾക്കുമ്പോൾ സത്യത്തിൽ ഞെട്ടലാണുണ്ടാകുന്നത്. അതായത്, ദിവസം ശരാശരി 12 മണിക്കൂർ ജോലി സമയം കമ്പനികൾ നിശ്ചയിച്ചു നൽകണമെന്നു പറയുമ്പോൾ ഈ ചെറുപ്പക്കാരുടെ ജോലിയും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ എന്തുകൊണ്ട് ആശങ്കയാകുന്നില്ലെന്നത് അത്ഭുതപ്പെടുത്തുന്നു.

ജപ്പാനിലെ

കറോഷി

ജപ്പാനിൽ 'കറോഷി"എന്നു വിളിക്കുന്ന മരണങ്ങളുണ്ട്. അമിത ജോലിഭാരത്താൽ മനുഷ്യർ അകാലത്തിൽ മരിക്കുന്നതാണ് 'കറോഷി." കമ്പനി മാറുന്നത് ജപ്പാനിലെ സംസ്‌കാരത്തിൽ മോശമായി കാണുന്ന പ്രവണതയുള്ളതിനാൽ അമിതജോലിയായാലും അവിടെ തുടരുന്നതാണ് ജപ്പാനിലെ രീതി. അവിടെ അമിത സ്‌ട്രെസും അമിതമായ അദ്ധ്വാനവും ഉറക്കമില്ലായ്മയും മൂലം അകാലത്തിൽ മരണപ്പെടുന്ന മനുഷ്യർ 1980-കൾ മുതൽ ചർച്ചയായിരുന്നു.

നമ്മുടെ ചെറുപ്പക്കാരുടെ വിഭവശേഷി ക്രിയാത്മകമായി ഉപയോഗിക്കാനുള്ള കൃത്യമായ നിയമനിർമ്മാണം സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണം. ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞതു പോലെ,​ ദൈവത്തെ വിളിക്കലും സ്‌ട്രെസ് നേരിടാൻ വീട്ടിൽ നിന്നു പഠിക്കലുമല്ല പരിഹാരം. ദ് മെന്റൽ ഹെൽത്ത് ആക്ട് 2017,​ മൊത്തത്തിലുള്ള മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ കൃത്യമായൊരു ചട്ടക്കൂട് മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും 'ബേൺ ഔട്ട്" പോലുള്ള വിഷയങ്ങളിൽ തൊഴിൽ ദാതാക്കളുടെ ഉത്തരവാദിത്വത്തെക്കുറിച്ച് വ്യക്തമായി പറയുന്നില്ല എന്നത് ഒരു അപാകതയാണ്.

(കോൺഗ്രസ് പ്രവർത്തക സമിതി അംഗമാണ് ലേഖകൻ)