
ഇടുക്കി: മഞ്ഞ് പുതച്ച് നിൽക്കുന്ന മലനിരകളും തുള്ളിയൊഴുകുന്ന വെള്ളച്ചാട്ടങ്ങളും പച്ചപുതച്ച് നിൽക്കുന്ന തേയിലതോട്ടങ്ങളും മതി വരുവോളം കണ്ട് ആസ്വദിക്കാൻ പൂജാ അവധിദിനങ്ങളിൽ ഇടുക്കിയിലേക്ക് ഒഴുകിയെത്തിയത് 75,000ലേറെ പേർ. വൈകിയ വേളയിലാണ് വെള്ളിയാഴ്ച കൂടി അവധിയാണെന്നറിയുന്നത്.
ഇതോടെ ഇടുക്കിയിലേക്ക് വണ്ടി കയറിയവരുടെ തിരക്ക് ഇരട്ടിയായി. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെയുള്ള ദിവസങ്ങളിൽ ഡി.ടി.പി.സിയ്ക്ക് കീഴിലുള്ള ടൂറിസം കേന്ദ്രങ്ങളിലേക്ക് ഇരച്ചെത്തിയത് 76,913 പേരായിരുന്നു. രാമക്കൽമേട്, വാഗമൺ മൊട്ടക്കുന്ന്, അഡ്വഞ്ചർ പാർക്ക് എന്നിവിടങ്ങളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെട്ടത്. 12ന് മാത്രം വാഗമൺ മൊട്ടക്കുന്ന് കാണാനെത്തിയത് പതിനൊന്നായിരത്തിലധികം പേരാണ്. മൂന്ന് ദിവസത്തിനിടെ ഏറ്റവും സഞ്ചാരികളെത്തിയതും വാഗമണ്ണിലാണ്. മൊട്ടക്കുന്നിൽ 23516 പേരും അഡ്വഞ്ചർ പാർക്കിൽ 22038 പേരുമെത്തി. മഴ നേരിയ തടസം അലോസരമുണ്ടാക്കിയെങ്കിലും സഞ്ചാരികളുടെ ഒഴുക്കിന് ഇതൊന്നും തടസമായില്ല. അവധിദിനങ്ങളിൽ ഇനിയും കൂടുതൽ സഞ്ചാരികൾ മലമടക്കുകളിലേക്ക് വണ്ടികയറും എന്ന പ്രതീക്ഷയിലാണ് ടൂറിസം വകുപ്പ്.
ചില്ലുപാലം 2.O വൻ ഹിറ്റ്
നാല് മാസത്തോളം അടഞ്ഞുകിടന്ന ശേഷം തുറന്ന വാഗമണ്ണിലെ പ്രധാന ഹൈലൈറ്റായ ഗ്ലാസ് ബ്രിഡ്ജിൽ കയറാനാണ് സഞ്ചാരികളേറെയും അഡ്വഞ്ചർ പാർക്കിലെത്തിയത്. മൂന്ന് ദിവസത്തിനിടെ നാലായിരത്തിലധികം പേരാണ് ചില്ലുപാലത്തിൽ കയറി ആകാശ കാഴ്ചകൾ കണ്ടത്. ഒരു ദിവസം ശരാശരി 1300- 1500 പേർ വരെ ചില്ലുപാലത്തിൽ കയറുന്നുണ്ട്.
മൂന്ന് ദിവസത്തെ സഞ്ചാരികൾ
രാമക്കൽമേട്: 6550
ശ്രീനാരായണപുരം: 3600
വാഗമൺ മൊട്ടക്കുന്ന്: 23,516
വാഗമൺ അഡ്വെഞ്ച്വർ പാർക്ക്: 22,038
പാഞ്ചാലിമേട്: 5972
ഹിൽ വ്യൂ പോയിന്റ്: 4103
മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ: 5327
മാട്ടുപ്പെട്ടി: 1835
അരുവിക്കുഴി: 837