anna-raju

കേരളത്തിലെ ആദ്യത്തെ ട്രാൻസ് വുമൺ ഓട്ടോ ഡ്രൈവറാണ് അന്ന രാജു. മാസങ്ങൾക്ക് മുമ്പാണ് അന്ന എന്ന് പേരിട്ടിരിക്കുന്ന ഓട്ടോ നിരത്തിലിറങ്ങിയത്. കേരള കൗമുദി ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ തന്റെ പുത്തൻ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് അന്ന ഇപ്പോൾ.

ഏഴ് വർഷത്തിന് ശേഷം അവരെത്തി

ഇപ്പോൾ സുഖമായി പോകുന്നു. ഒൻപത് മാസമായി ഓട്ടോയിൽ പോകാൻ തുടങ്ങിയിട്ട്. ഇതുവരെ ആരും മോശമായി പെരുമാറിയിട്ടില്ല. ട്രാൻസ്‌ജെൻഡേഴ്സായ രണ്ട് സുഹൃത്തുക്കൾക്കൊപ്പം വാടക വീട്ടിലാണ് താമസിക്കുന്നത്.


കഴിഞ്ഞ ഓണത്തിന് ഞാൻ താമസിക്കുന്ന വീട്ടിലേക്ക് ചേച്ചിയും ഭർത്താവും കുട്ടികളുമൊക്കെ വന്നിരുന്നു. ഏഴ് വർഷത്തിന് ശേഷമാണ് അവരെയൊക്കെ കാണുന്നത്. അമ്മ ഇടയ്ക്ക് വിളിക്കും. വീട്ടിലേക്ക് ചെല്ലണ്ട, അയൽക്കാരും ബന്ധുക്കളും കാണുമെന്നൊക്കെ പറയുമായിരുന്നു. അമ്മ തന്നെ അങ്ങനെ പറയുമ്പോൾ മടുപ്പായിരുന്നു. ഇപ്പോൾ കുഴപ്പമില്ല.

ട്രാൻസ്‌ജെൻഡർ ആയ സമയത്ത് ഒറ്റപ്പെട്ടുപോയിരുന്നു. എവിടെ ചെന്നാലും അവഗണനയായിരുന്നു. വീട്ടുകാർ തള്ളിപ്പറഞ്ഞു.ആത്മഹത്യയെപ്പറ്റി പോലും ചിന്തിച്ചിട്ടുണ്ട്. ഓട്ടിസം ബാധിച്ച കുട്ടിയാണെങ്കിലും ജന്മനാ നടക്കാൻ കഴിയാത്ത കുട്ടിയാണെങ്കിലുമൊക്കെ അച്ഛനുമമ്മയ്ക്കും പറ്റാവുന്ന കാലത്തോളം അവർ നോക്കും. ട്രാൻസ്‌ജെൻഡർ എന്ന് പറയുന്നത് എന്തോ അപരാധം ചെയ്തതുപോലെയാണ് പലരും കാണുന്നത്.

anna-raju

സ്മിജോ രാജുവിൽ നിന്ന് അന്ന രാജുവിലേക്ക്

എറണാകുളം ജില്ലയിലെ നേര്യമംഗലത്ത് ഒരു ഹിന്ദു കുടുംബത്തിലാണ് ഞാൻ ജനിച്ചത്. പത്ത് പതിനഞ്ച് വയസാകുമ്പോഴേ സ്വത്വം തിരിച്ചറിഞ്ഞു. എന്നെപ്പോലെ ഞാൻ മാത്രമേയുള്ളൂവെന്നായിരുന്നു അന്ന് ഞാൻ കരുതിയിരുന്നത്. എന്റേത് ഗ്രാമ പ്രദേശമാണ്. ഞാൻ ഇങ്ങനെയാണെന്ന് പറഞ്ഞാൽ അത് ആരും ഉൾക്കൊള്ളില്ല.

ചെറുപ്പത്തിൽ തലയിൽ തോർത്ത് കെട്ടി നടക്കുകയും ചേച്ചിയുടെ മാലയൊക്കെ ഇട്ടുനടക്കുകയുമൊക്കെ ചെയ്തിരുന്നു. പെണ്ണുങ്ങളെപ്പോലെ നടക്കല്ലേ എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് വഴക്ക് പറഞ്ഞു. കൂട്ടുകാരന്മാരേക്കാളും കൂടുതലും കൂട്ടുകാരികളായിരുന്നു എനിക്ക്. അന്ന് വീടിനടുത്തുള്ള ചേട്ടൻ കളിയാക്കുമായിരുന്നു.

ഞാൻ പത്താം ക്ലാസ് വരെയേ പോയിട്ടുള്ളൂ. അതുകഴിഞ്ഞ് ഒരു കറി പൗഡറിന്റെ കമ്പനിയിൽ ജോലിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്തായിരുന്നു കമ്പനിയുടെ കൂടുതൽ സെയിലും കാര്യങ്ങളുമൊക്കെ. ഞാൻ കമ്പനിയുടെ കാക്കനാട് ഡിപ്പോയിലായിരുന്നു താമസം. എന്നെപ്പോലെ വേറെയും ആളുകളുണ്ടെന്ന് എറണാകുളത്തെത്തിയപ്പോഴാണ് മനസിലായത്.

വീട്ടുകാരോട് ഇക്കാര്യം പെട്ടെന്ന് പറയേണ്ടെന്ന് കരുതിയതാണ്. ആ സമയത്ത് കമ്പനിയിൽ പോകും. ഞായറാഴ്ച അവധിയാണ്. എന്തെങ്കിലും കാര്യമുണ്ടെന്ന് പറഞ്ഞ് ഞാൻ ശനിയാഴ്ച വൈകിട്ട് എറണാകുളത്തേക്ക് പോകും. കൂട്ടുകാർക്കൊപ്പം നടക്കും. ട്രാൻസ്‌ജെൻഡേഴ്സിന്റെ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യും.


ആ സമയത്ത് ഹോർമോൺ ചികിത്സ ആരംഭിച്ചിരുന്നു. സാധാരണയുള്ളതിലും സങ്കടവും ദേഷ്യവുമൊക്കെ കൂടും. ഒരിക്കൽ അവിടത്തെ കുറച്ച് ചെക്കന്മാർ ഞങ്ങളെ ഉപദ്രവിക്കാൻ വന്നു. ആളുകളെ വ്യക്തമായി ചൂണ്ടിക്കാണിച്ച് ഞങ്ങൾ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഇതിനെപ്പറ്റി അന്വേഷിക്കാൻ ചെന്നപ്പോൾ പൊലീസുകാർ പരിഹസിച്ചു. എനിക്ക് പെട്ടന്ന് ദേഷ്യം വന്നു. അവിടെയൊരു ആൽമരമുണ്ടായിരുന്നു അതിൽ കയറി. പൊലീസുകാർക്കെതിരെ നടപടിയെടുക്കാമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. അതിനെത്തുടർന്ന് ട്രാൻസ്‌ജെൻഡേഴ്സിനെ പത്ത് മിനിട്ടിൽ കൂടുതൽ വെയ്റ്റ് ചെയ്യിക്കാൻ പാടില്ലെന്നും പെട്ടെന്ന് നടപടിയെടുക്കണമെന്നും പറഞ്ഞ് ഡി ജി പി ഉത്തരവിട്ടു.


ആസമയത്ത് വാർത്ത വന്നു. അയൽക്കാർ ആരോ അമ്മയോട് പറഞ്ഞു. പിന്നെ ആരും എന്നെ വിളിക്കാറില്ലായിരുന്നു. വണ്ടിയൊക്കെ ആയതിന് ശേഷമാണ് കുടുംബവുമായി ഒരടുപ്പം വീണ്ടും തുടങ്ങിയത്. പണ്ടുമുതലേ എനിക്ക്‌ ഏറെ ഇഷ്ടമുള്ള പേരായിരുന്നു അന്ന. പിന്നെ ആ പേര് സ്വീകരിച്ചു. വണ്ടിക്കും അതുതന്നെ നൽകി.

ആദ്യം ഹോർമോൺ ചികിത്സ

ഹോർമോൺ ചികിത്സയാണ് ആദ്യം തുടങ്ങിയത്. അതിനൊപ്പം തന്നെ കൗൺസിലിംഗും ഉണ്ടാകും. ഹോർമോണിന്റെ അളവ് കൂടിയാലും കുറഞ്ഞാലും ഇടയ്ക്കുവച്ച് നിർത്തിയാലുമൊക്കെ ഡിപ്രഷൻ വരാം. സർജറിക്ക് സൈക്യാട്രിസ്റ്റ് അടക്കം മൂന്ന് ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് വേണമായിരുന്നു.


പണ്ട് ബ്രസ്റ്റ് സർജറിക്ക് എൺപതിനായിരമൊക്കെയേ ഉള്ളൂ. കഴിഞ്ഞ നവംബറിൽ ഞാൻ സർജറി ചെയ്തപ്പോൾ ഒന്നരലക്ഷത്തോളമായി. എല്ലാം കൂടെ നാല് ലക്ഷം രൂപയുടെ അടുത്ത് ചെലവ് വരും. സർക്കാരിന്റെയോ അല്ലെങ്കിൽ ഞങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സെല്ലിന്റെയോ പ്രവർത്തനം വളരെ മന്ദഗതിയിലാണ്. ആറ് മാസം അല്ലെങ്കിൽ ഒരു വർഷമൊക്കെ ആകുമ്പോഴാണ് അത് റീഫണ്ട് കിട്ടുക. അത് കുറച്ചുകൂടി സ്പീഡ് ആക്കണം.

anna-raju

രേഖകളിൽ മാറ്റം വരുത്തി


എനിക്ക് ലൈസൻസ് ആദ്യമേ ഉണ്ടായിരുന്നു. മെയിൽ കാറ്റഗറിയിലായിരുന്നു. ലൈസൻസ് ഒഴികെ ബാക്കിയെല്ലാം മാറ്റിയിരുന്നു. സർജറി സർട്ടിഫിക്കറ്റ് അറ്റാച്ച് ചെയ്താണ് ആധാർ കാർഡ് പുതുക്കുന്നത്. ലൈസൻസ് മാത്രം മാറ്റാൻ ബുദ്ധിമുട്ടായിരുന്നു. ലീഗൽ സർവീസിലെ ഒരു സാറിന്റെ സഹായത്തോടെ ലൈസൻസിലും മാറ്റം വരുത്താൻ സാധിച്ചു.


ഭാവി പരിപാടി

തൊഴിൽ ശരിയായി. ഒരു കൊച്ചുവീടാണ് ഏറ്റവും വലിയ സ്വപ്നം. ലോണിന് ഒക്കെ അപേക്ഷിച്ചിട്ടുണ്ട്. വാടക വീട്ടിൽ പട്ടിയേയോ പൂച്ചയേയോ വളർത്താൻ പലരും സമ്മതിക്കില്ല. പിന്നെ ഇടയ്ക്കിടെ വീടുമാറേണ്ടിയും വരുന്നു. എങ്ങനെയെങ്കിലും രണ്ട് സെന്റ് സ്ഥലം വാങ്ങി കുഞ്ഞുവീട് വയ്ക്കണം. വാടക വീട്ടിൽ എന്റെ കമ്മ്യൂണിറ്റിയിലുള്ളവർ വരുന്നതിന് നിബന്ധന ഉണ്ടാകാം. സ്വന്തമായൊരു വീടുണ്ടെങ്കിൽ അവർക്ക് വരാം.