
 ഉപതിരഞ്ഞെടുപ്പിന് നടുവിലേറ്റ പ്രഹരം
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപന ദിവസം യുവ നേതാവ് പി.പി.ദിവ്യ ഏല്പിച്ച കടുത്ത ആഘാതം പ്രചാരണത്തെ തകിടം മറിക്കുമെന്ന അങ്കലാപ്പിൽ സി.പി.എം.
യാത്രഅയപ്പ് ചടങ്ങിൽ കടന്നുകയറി ദിവ്യ നടത്തിയ വ്യക്തിഹത്യയിൽ മനമുരുകിയാണ് എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയത്. ഇത് മലയാളക്കരയുടെ മനസ്സിനെ ഉലച്ചു. ദിവ്യയെ അറസ്റ്റ് ചെയ്ത് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യവും ശക്തമാകുന്നു. വോട്ടർമാരെ വിഷയം എങ്ങനെ സ്വാധീനിക്കുമെന്നതാണ് പാർട്ടി നേതൃത്വത്തെ കുഴയ്ക്കുന്നത്.
മാത്രമല്ല, നവീനിന്റേത് പാരമ്പര്യമായി സി.പി.എം കുടുംബവും. കുടുംബത്തോടൊപ്പം ഉറച്ചുനിൽക്കുന്ന പാർട്ടി പത്തനംതിട്ട ജില്ലാ നേതൃത്വം കടുത്ത നടപടി ആവശ്യപ്പെട്ടിരിക്കെ, ദിവ്യയെ സംരക്ഷിക്കാനുള്ള കണ്ണൂർ ഘടകത്തിന്റെ ശ്രമം കൂടുതൽ ദോഷം വരുത്തുകയേയുള്ളൂ. പ്രത്യേകിച്ച് വോട്ടെടുപ്പിന് നാളുകളേ ബാക്കിയുള്ളൂവെന്നിരിക്കെ.
പാർലമെന്റ് തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയിലും പാഠം പഠിക്കാതെ ഒരു വിഭാഗം തുടരുന്ന ധാർഷ്ട്യത്തിന്റെ ഒടുവിലത്തെ നേർ സാക്ഷ്യമാണ് നവീൻ സംഭവമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രചാരണ രംഗത്തെ പ്രത്യാക്രമണം നേരിടാൻ ഏറെ വിയർപ്പൊഴുക്കേണ്ടിവരും.
പാർട്ടിയെ മുൾമുനയിൽ നിറുത്തി കണക്കുപറയിക്കാൻ പ്രതിപക്ഷത്തിന് വജ്രായുധമാണ് കിട്ടിയിരിക്കുന്നത്. ദിവ്യയ്ക്കെതിരെ അടിയന്തര നടപടി എടുത്തില്ലെങ്കിൽ പൊതുസമൂഹത്തിൽ പിടിച്ചുനിൽക്കാനാവാത്ത സ്ഥിതിയുണ്ടാകുമെന്ന അഭിപ്രായം പാർട്ടി നേതാക്കൾക്കിടയിലുണ്ട്.
തെറ്റായ പ്രവണതകൾ തിരുത്തുമെന്നും ജനങ്ങളെ കൂടുതൽ അടുപ്പിച്ച് നിറുത്തണമെന്നുമായിരുന്നു പാർലമെന്റ് തിരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടർന്ന് പാർട്ടി കൈക്കൊണ്ട തീരുമാനം. ഒന്നിനു പിറകേ സംഭവിക്കുന്നത് നേരെ മറിച്ചും.
ഉയരുന്ന ബിനാമി സംശയം
പെട്രോൾ പമ്പിന് എൻ.ഒ.സി നേടിയെടുക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്തിനാണ് ഇത്ര താത്പര്യം കാട്ടിയതെന്ന ചോദ്യവും ഉയരുന്നു. ദിവ്യയുടെ ഭർത്താവിന്റെ ബിനാമിയാണ് പമ്പിന്റെ അപേക്ഷകനെന്ന അക്ഷേപം കോൺഗ്രസ് ഉയർത്തിക്കഴിഞ്ഞു. ചില സി.പി.എം നേതാക്കൾക്കും പങ്കാളിത്തമുണ്ടെന്നും അന്വേഷിക്കണമെന്നും കണ്ണൂർ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.
ശബരിമലയിൽ
തിരുത്തി, പക്ഷേ...
1 അൻവർ ബോംബ്, ആർ.എസ്.എസ് -എ.ഡി.ജി.പി കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ, ദ ഹിന്ദുവിലെ മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം എന്നിവയിലായിരുന്നു സർക്കാരും മുഖ്യമന്ത്രിയും കഴിഞ്ഞ കുറെ നാളായി പ്രതിരോധത്തിലായത്. ഈ അവസരത്തിലെല്ലാം പാർട്ടി സംരക്ഷണം നൽകി
2 അതിനിടെയാണ്, ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് നിറുത്തലാക്കിയുള്ള ബുദ്ധിശൂന്യത. ഭവിഷ്യത്ത് കേരളകൗമുദി ചൂണ്ടിക്കാട്ടിയതോടെയാണ് പുനഃസ്ഥാപിച്ച് തലയൂരിയത്. പക്ഷേ, അതേനാളിൽ തന്നെയാണ് ദ്യവ്യാദോഷം വന്നുപതിച്ചത്. ഇതു നിസാരമായിക്കണ്ടാൽ തിരഞ്ഞെടുപ്പിൽ വിവരമറിയും
3 ദിവ്യയുടേത് സദുദ്ദേശ്യപരമായ വിമർശനമെന്നാണ് സി.പി.എം കണ്ണൂർ നേതൃത്വം ന്യായീകരിച്ചത്. എന്നാൽ, സമഗ്രാന്വേഷണമാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടത്. പതിവിനു വിപരീതമായി പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ രണ്ടു ജില്ലകൾ വ്യത്യസ്ത നിലപാടിൽ നിൽക്കുന്നതും നേതൃത്വത്തെ കുഴയ്ക്കുന്നു