da

ന്യൂഡൽഹി: ദീപാവലിയ്‌ക്ക് മുൻപായി കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്തയിൽ വർദ്ധനവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ജീവനക്കാർക്കും പെൻഷൻകാർക്കും നൽകുന്ന ക്ഷാമബത്തയിൽ കേന്ദ്ര മന്ത്രിസഭ മൂന്ന് ശതമാനം വ‌ർദ്ധനവാണ് വരുത്തുക. ഇതോടെ അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമാകും ക്ഷാമബത്ത. മൂന്ന് ശതമാനം വർദ്ധിച്ചതോടെ വിലക്കയറ്റത്തിൽ നിന്നും കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ആശ്വാസം ലഭിക്കും എന്നാണ് കരുതപ്പെടുന്നത്.

40,000 രൂപ അടിസ്ഥാന ശമ്പളം വാങ്ങുന്ന ഒരു ഉദ്യോഗസ്ഥന് ഇതോടെ മൂന്ന് ശതമാനം ഡി.എ വർദ്ധിക്കുമ്പോൾ 1200 രൂപ കൂടി പ്രതിമാസം കൈയിൽ ലഭിക്കും. 21,200 രൂപയാകും ഇതോടെ ലഭ്യമാകുക. പുതുക്കിയ ക്ഷാമബത്തയോടൊപ്പം ശമ്പളവും ജീവനക്കാർക്ക് ലഭിക്കും.

പെൻഷൻകാർക്കും അവർക്ക് ലഭ്യമാകുന്ന പെൻഷന് ആനുപാതിക വർദ്ധനവുണ്ടാകും. ആകെ ഒരു കോടിയിലധികം പേർക്ക് ആനുകൂല്യം ലഭിക്കും. മുൻപ് മാർച്ച് മാസത്തിലാണ് ക്ഷാമബത്തയിൽ വർദ്ധനവുണ്ടായത്. അന്ന് നാല് ശതമാനം ആണ് വർദ്ധിച്ചത്. ഇതോടെയാണ് അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനത്തോളം ഡി.എ ആയി മാറിയത്.

വിലക്കയറ്റത്തിനനുസരിച്ച് സർക്കാർ ജീവനക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ രണ്ട് വർഷത്തിലൊരിക്കൽ സർക്കാർ ചെയ്യുന്ന ക്രമീകരണമാണ് ക്ഷാമബത്ത. ഓൾ ഇന്ത്യ കൺസ്യൂമർ പ്രൈസ് ഇൻഡക്‌സ് (എഐസിപിഐ) അനുസരിച്ചാണ് സർക്കാർ ക്ഷാമബത്ത നിശ്ചയിക്കുന്നത്.