akasa

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ആകാശ എയറിന്റെ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് തിരിച്ചിറക്കി. മുംബയിൽ നിന്ന് ഡൽഹിയിലേക്ക് പോയിരുന്ന ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് അഹമ്മദാബാദിലേക്ക് വഴിതിരിച്ച് വിടേണ്ടി വന്ന് മണിക്കൂറുകൾ പിന്നിടുമ്പോഴാണ് പുതിയ സംഭവം.

ആകാശ എയറിന്റെ ക്യൂ പി 1335 എന്ന വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. സോഷ്യൽ മീഡിയയിലൂടെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് ആകാശ എയർലൈൻസിന്റെ വക്താവ് സ്ഥിരീകരിച്ചു. മൂന്ന് ചെറിയ കുട്ടികളും ഏഴ് ജീവനക്കാരും 174 യാത്രികരും വിമാനത്തിലുണ്ടായിരുന്നു. ഭീഷണി സന്ദേശം ലഭിച്ചതോടെ വിമാനം അടിയന്തരമായി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലിറക്കാൻ അധികൃതർ പൈലറ്റിനോട് നിർദ്ദേശം നൽകുകയായിരുന്നു. യാത്രക്കാരെ സുരക്ഷിതമായ സ്ഥലങ്ങളിൽ മാറ്റിയിട്ടുണ്ടെന്നും വിശദമായ പരിശോധന നടത്തുകയാണെന്നും ആകാശ എയറിന്റെ വക്താവ് വ്യക്തമാക്കി.

മൂന്ന് ദിവസത്തിനിടയിൽ നടക്കുന്ന 12-ാമത്തെ സംഭവമാണിത്. കഴിഞ്ഞ തിങ്കളാഴ്ച മുംബയിൽ നിന്ന് ന്യൂയോർക്കിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനത്തിനും ബോംബ് ഭീഷണി നേരിട്ടു. ഇതിനെ തുടർന്ന് വിമാനം ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു. വിമാനത്തിൽ 239 യാത്രികരുണ്ടായിരുന്നു. എക്സിലെ ഒരു പോസ്​റ്റിലൂടെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നത്. ആ ദിവസം തന്നെ ഗൾഫിലേക്ക് പുറപ്പെടാനൊരുങ്ങിയ ഇൻഡിഗോയുടെ രണ്ട് വിമാനങ്ങളിലും ബോംബ് ഭീഷണിയുണ്ടായിരുന്നു.മുംബയ് വിമാനത്താവളത്തിൽ നിന്ന് മസ്‌ക​റ്റിലേക്ക് യാത്ര തിരിക്കേണ്ടിയിരുന്ന 6ഇ 1275 വിമാനത്തിനും ജിദ്ദയിലേക്ക് പോകേണ്ടിയിരുന്ന 6ഇ 56 വിമാനത്തിലുമാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നത്.

ഒക്ടോബർ ഒമ്പതിന് ലണ്ടനിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിസ്താര വിമാനത്തിനും ബോംബ് ഭീഷണി ഉണ്ടായി. 290 യാത്രക്കാരുമായി ലണ്ടനിലേക്ക് പോകുന്നതിനിടയിലാണ് ഭീഷണി സന്ദേശം വിമാനത്തിന്റെ ശുചിമുറിയിൽ നിന്നും കണ്ടെടുത്തത്. പേപ്പറിൽ 'ബോംബ് ദിസ് ഫ്ലൈറ്റ്' എന്നെഴുതിയ സന്ദേശമാണ് കണ്ടെടുത്തത്. ഇതോടെ വിമാനം ഡൽഹിയിൽ ലാൻഡിംഗ് നടത്തി വിശദമായ പരിശോധനകൾ നടത്തുകയായിരുന്നു.