
കോഴിക്കോട്: സമൂഹത്തിൽ ഡിജിറ്റൽ സാക്ഷരത സൃഷ്ടിക്കുക, മുതിർന്നവരെ ഡിജിറ്റൽ ലോകത്തെ അടുത്തറിയാൻ സഹായിക്കുക എന്നീ ലക്ഷ്യങ്ങളുമായി മൈജിയുടെ സി.എസ്.ആർ ഇനീഷ്യേറ്റിവായ സ്മാർട്ട് സ്റ്റാർട്ടിന് തുടക്കമായി. കോഴിക്കോട് വുഡീസ് ഹോട്ടലിൽ നടന്ന ചടങ്ങ് നടൻ ജോസഫ് അന്നംകുട്ടി ജോസ്, മൈജി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ എ. കെ. ഷാജി, മൈജി ചീഫ് ബിസിനസ് ഡെവലപ്പ്മെന്റ് ഓഫീസർ അനീഷ് സി.ആർ, ജനറൽ മാനേജർമാരായ കൃഷ്ണകുമാർ കെ , അവിനാഷ് ആർ എന്നിവർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. 
പലപ്പോഴും വെർച്വൽ അറസ്റ്റ്, യു.പി.ഐ തട്ടിപ്പ്, ഓൺലൈൻ വായ്പ തട്ടിപ്പ് പോലുള്ളവയ്ക്ക് ഇരയാവുന്നത് മുതിർന്ന ആളുകളാണ്. ഇത്തരം സാഹചര്യങ്ങളുണ്ടാവാതെ അവരെ സഹായിക്കാൻ മൈജി സ്മാർട്ട് സ്റ്റാർട്ട് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് എ. കെ ഷാജി പറഞ്ഞു. 
മൈജി ഇൻസ്റ്റിട്യൂട്ട് ഒഫ് ടെക്നോളജിയിലെ മേധാവി ഹിരോഷ് ഒതയങ്കലൻ, സിവിൽ പൊലീസ് ഓഫീസർ തുളസിദാസ് പി, സിവിൽ പൊലീസ് ഓഫീസർ ശിവകുമാർ പി, സൗത്ത് ഇന്ത്യൻ ബാങ്ക് ഡിജിറ്റൽ അസി. മാനേജർ അശ്വതി തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. സമാപന ചടങ്ങ് കോഴിക്കോട് മെഡിക്കൽ കോളേജ് , കോഴിക്കോട് സിറ്റി എ.സി.പി ഉമേഷ് എ ഉദ്ഘാടനം ചെയ്തു.