
ബ്യൂട്ടി പാർലറിൽ പോയി പോക്കറ്റ് കാലിയാക്കാതെ തന്നെ അടുക്കളയിലുള്ള സാധനങ്ങൾ ഉപയോഗിച്ച് മുഖ സൗന്ദര്യം കൂട്ടാൻ ശ്രമിക്കുന്നവരുണ്ട്. മഞ്ഞൾ, തക്കാളി, ചെറുപയർ പൊടി തുടങ്ങി നിരവധി സാധനങ്ങൾ ഇതിനായി ഉപയോഗിക്കുന്നവരാണ് മിക്കവരും
കാപ്പിപ്പൊടി ഉപയോഗിച്ചും കിടിലൻ ഫേസ്പാക്ക് ഉണ്ടാക്കാമെന്ന് അധികമാർക്കുമറിയാത്ത കാര്യമാണ്. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ കാപ്പിപ്പൊടി കറുത്തപാടുകളും ചുളിവുകളുമൊക്കെ അകറ്റാൻ സഹായിക്കുന്നു. മുഖം തിളങ്ങാനും ഇത് സഹായകമാണ്.
കാപ്പിപ്പൊടിക്കൊപ്പം തേനും കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടുക. ഇരുപത് മിനിട്ടിന് ശേഷം കഴുകിക്കളയാം. ആഴ്ചയിൽ ഒന്നോ രണ്ട് തവണ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ ചുളിവുകൾ അകറ്റാൻ സഹായിക്കും. തേൻ ഇല്ലെങ്കിൽ കാപ്പിപ്പൊടിയിൽ വെള്ളം ചേർത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടിയാൽ മതി. കണ്ണിനടിയിലെ കറുപ്പ് മാറാൻ ഇത് സഹായിക്കും. ചുണ്ടിലെ കറുപ്പ് അകറ്റാൻ കാപ്പിപ്പൊടി ഉപയോഗിച്ച് സ്ക്രബ് ചെയ്താൽ മതി.
അതേസമയം, ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. എല്ലാവരുടെയും ചർമം ഒരുപോലെയല്ല. ചില വസ്തുക്കൾ അലർജി ഉള്ളവർ ഉണ്ടാകാം. അതിനാൽത്തന്നെ മുഖത്ത് എന്ത് പരീക്ഷണം ചെയ്യുകയാണെങ്കിലും പാച്ച് ടെസ്റ്റ് നടത്തി കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ചെയ്യുക. മുഖത്ത് പുരട്ടിയാൽ എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ അത് കഴുകിക്കളയുക.