
ബംഗളൂരു: ഭൂമി കുംഭകോണ കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും എതിരായി അന്വേഷണം നടക്കുന്നതിനിടെ മൈസൂരു അർബൻ ഡെവലപ്‌മെന്റ് അതോറിട്ടി (മുഡ)
മേധാവി രാജി വച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെ. മാരിഗൗഡയുടെ നീക്കം. എന്നാൽ ആരോപണ നിഴലിലായതോടെ സമ്മർദ്ദം ശക്തമായിരുന്നു.
സിദ്ധരാമയ്യയുടെ സഹപ്രവർത്തകനും അടുത്തയാളുമായിരുന്നു മാരിഗൗഡ. രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയാണ് രാജി എന്ന വാദം മാരിഗൗഡ തള്ളി. ' രാജി വയ്ക്കാൻ സമ്മർദ്ദമുണ്ടായിരുന്നില്ല. രണ്ട് സ്ട്രോക്കുകളുണ്ടായി. അനാരോഗ്യമാണ് കാരണം. മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് സമർപ്പിച്ചു. ജുഡിഷ്യൽ അന്വേഷണം തുടരും. പിന്നാലെ സത്യം വെളിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം ബംഗളൂരുവിലേക്ക് പോകുന്നതിനിടെ ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് മാരിഗൗഡയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സിദ്ധരാമയ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
1995ൽ മൈസൂർ താലൂക്ക് പഞ്ചായത്ത് പ്രസിഡന്റായും 2000ൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട് മാരി ഗൗഡ.
ഭൂമി കുംഭകോണ കേസിൽ ഗവർണർ താവർചന്ദ് ഗെലോട്ട് സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയിരുന്നു.
സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് അനധികൃതമായി ഭൂമി നൽകിയെന്ന ആരോപണം ഉയർന്നതിനെത്തുടർന്നാണ് മുഡ വിവാദത്തിന്റെ നിഴലിലായത്.
കേസിൽ വിചാരണ ചെയ്യാനുള്ള ഗവർണറുടെ തീരുമാനത്തിനെതിരെ സിദ്ധരാമയ്യ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. പാർവതിക്ക് സഹോദരൻ നൽകിയ 3.16 ഏക്കർ ഭൂമി മുഡ ഏറ്റെടുക്കുകയും പകരം മൈസൂരുവിലെ വിലയേറിയ പാർപ്പിടസ്ഥലങ്ങൾ നൽകുകയും ചെയ്‌തെന്നാണ് പരാതി. 2014ൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെയാണ് പാർവതി മുഡയിൽ അപേക്ഷ നൽകിയത്. 2022 ജനുവരി അഞ്ചിനാണ് സ്ഥലങ്ങൾ കൈമാറിയത്. സിദ്ധരാമയ്യയുടെ സ്വാധീനമുപയോഗിച്ചാണ് ഇവ നേടിയതെന്നും സർക്കാർ ഖജനാവിന് ഇതുവഴി 55.8 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ടി.ജെ. അബ്രാഹം നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു.
നിലവിൽ കേസിൽ ഇണഡിയും ലോകായുക്തയും അന്വേഷണം നടത്തുകയാണ്. ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഭൂമി മുഡയ്ക്ക് തിരിച്ച് നൽകുന്നുവെന്ന് പാർവതി അറിയിച്ചിരുന്നു.
നാലു ദശകത്തിലേറെയായി മുഖ്യമന്ത്രിയുടെ അനുയായി തുടരുന്ന തന്നോട് നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്യാൻ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.
മുഖ്യമന്ത്രി രാജി വയ്ക്കാൻ ആവശ്യപ്പെട്ടു. അതനുസരിക്കുക മാത്രമാണ് ചെയ്തത്.
-കെ. മാരിഗൗഡ