
കൊച്ചി: സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയുടെ ആരോഗ്യനിലയിൽ പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്ന് മുറിയിലേയ്ക്ക് മാറ്റി. ഡയാലിസിസ് ചികിത്സ തുടരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കലൂരിലെ വീട്ടിൽ വച്ച് ഇന്നലെ ഉച്ചയ്ക്ക് 12ഓടെ കടുത്ത ശ്വാസതടസം നേരിട്ടതിനെ തുടർന്ന് ഓക്‌സിജൻ നൽകി മഅ്ദനിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഹൃദയമിടിപ്പ് കുറയുകയും രക്തസമ്മർദ്ദം ക്രമാതീതമായി വർദ്ധിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഡോ. മുഹമ്മദ് ഇക്ബാലിന്റെ നേതൃത്വത്തിൽ പരിശോധിച്ച നടത്തി അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. കുടുംബാംഗങ്ങളും പാർട്ടി നേതാക്കളും ആശുപത്രിയിലുണ്ട്.