rain

ചെന്നൈ: തമിഴ്നാട്ടിൽ കനത്ത മഴയിൽ ജനജീവിതം ദുരിതത്തിൽ. ചെന്നൈയിലുൾപ്പെടെ വെള്ളപ്പൊക്കവും ഗതാഗത തടസവും ഉണ്ടായി. അവശ്യ സേവനങ്ങൾ തടസപ്പെട്ടു.

നടൻ രജനീകാന്തിന്റെ പോയസ് ഗാർഡനിലെ ആഡംബര വില്ലയ്ക്ക് ചുറ്റും വെള്ളം കയറി. മഴയിൽ നഗരത്തിലെ ഡ്രൈനേജ് സംവിധാനം തകർന്നതാണ് വെള്ളം ഉയരാൻ കാരണമായത്. വെള്ളം പമ്പ് ചെയ്തു കളയാനുള്ള നടപടികൾ നടത്തിയതായി അധികൃതർ അറിയിച്ചു.

ചെന്നൈയിൽ ട്രെയിൻ ഗതാഗതം താറുമാറായി. ദക്ഷിണ റെയിൽവേ നാല് എക്സ്പ്രസ് ട്രെയിനുകൾ റദ്ദ് ചെയ്തു. നിരവധി ട്രെയിനുകൾ വഴിതിരിച്ചു വിട്ടു. ആഭ്യന്തര വിമാനങ്ങളിൽ ചിലത് റദ്ദ് ചെയ്തിട്ടുണ്ട്. രണ്ടു ദിവസം കൂടി മഴ തുടർന്നേക്കും. വെള്ളം കെട്ടിനിൽക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും ഫലപ്രദമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. കനത്ത മഴ തുടരുന്ന ആന്ധ്രാപ്രദേശിലും കർണാടകയിലും രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടക്കുകയാണ്.
കനത്ത മഴയിൽ ബംഗളുരുവിലെ നാഗവരയിലെ ഔട്ടർ റിംഗ് റോഡിലുള്ള മാന്യത ടെക് പാർക്കിൽ വൻ മണ്ണിടിച്ചിലുണ്ടായി. ആളപായമില്ല. പല പ്രദേശങ്ങളും വെള്ളത്തിനിടയിലാണ്.