cricket

ഓസ്ട്രേലിയ Vs ദക്ഷിണാഫ്രിക്ക

7.30 pm മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്

ദുബായ് : ഐ.സി.സി വനിതാ ട‌്വന്റി-20 ലോകകപ്പ് ഗ്രൂപ്പ് റൗണ്ട് കഴിഞ്ഞ് നോക്കൗട്ടിലേക്ക്. ഇന്നാണ് ആദ്യ സെമി. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയും ഇതുവരെ കിരീ‌ടം നേടിയിട്ടില്ലാത്ത ദക്ഷിണാഫ്രിക്കയുമാണ് ഫൈനലിൽ കടക്കുന്ന ആദ്യ ടീമാകാനായി ഇന്ന് കച്ചമുറുക്കുന്നത്. രാത്രി 7.30മുതൽ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. രണ്ടാം സെമിയിൽ നാളെ 2016ലെ ചാമ്പ്യന്മാരായ ന്യൂസിലാൻഡും വെസ്റ്റ് ഇൻഡീസും ഏറ്റുമുട്ടും.

ഗ്രൂപ്പ് എയിലെ എല്ലാമത്സരങ്ങളും ജയിച്ച് എട്ടുപോയിന്റുമായാണ് ഓസ്ട്രേലിയ സെമിയിലേക്ക് എത്തിയിരിക്കുന്നത്. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ ആറുവിക്കറ്റിന് തോൽപ്പിച്ച ഓസീസ് വനിതകൾ തുടർന്ന് കിവീസിനെ 60 റൺസിന് കീഴടക്കി. പാകിസ്ഥാനെ ഒൻപത് വിക്കറ്റിന് പറപ്പിച്ചപ്പോൾ ഇന്ത്യയെ തോൽപ്പിച്ചത് ഒൻപത് റൺസിനാണ്. ഗ്രൂപ്പ് ബിയിൽ മൂന്ന് കളികൾ ജയിക്കുകയും ഒന്നിൽ പരാജയപ്പെടുകയും ചെയ്ത ദക്ഷിണാഫ്രിക്ക ആറു പോയിന്റോടെ രണ്ടാം സ്ഥാനക്കാരായാണ് സെമിയിലെത്തിയത്. ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ 10 വിക്കറ്റിന് തോൽപ്പിച്ച ദക്ഷിണാഫ്രിക്കക്കാരികൾ രണ്ടാം മത്സരത്തിൽ ഇംഗ്ളണ്ടിനോട് ഏഴ് വിക്കറ്റിന് തോറ്റിരുന്നു. എന്നാൽ അവസാന മത്സരങ്ങളിൽ സ്കോട്ട്‌ലാൻഡിനെ 80 റൺസിനും ബംഗ്ളാദേശിനെ ഏഴുവിക്കറ്റിനും തോൽപ്പിച്ച് അവസാന നാലിൽ ഇടം പിടിച്ചു.

റൺറേറ്റിലും ഇംഗ്ളണ്ടിനെ വീഴ്ത്തി

വിൻഡീസ് സെമിയിൽ

കഴിഞ്ഞ രാത്രി നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ആദ്യ ട്വന്റി-20ലോകകപ്പ് ചാമ്പ്യന്മാരായ ഇംഗ്ളണ്ടിനെ ആറു വിക്കറ്റിന് തോൽപ്പിച്ചാണ് വെസ്റ്റ് ഇൻഡീസ് സെമിയിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട് നിശ്ചിത 20 ഓവറിൽ 141/7 എന്ന സ്കോർ ഉയർത്തിയപ്പോൾ വെസ്റ്റ് ഇൻഡീസ് 18 ഓവറിൽ 144/4ലെത്തിയതിനാൽ മികച്ച റൺറേറ്റ് സ്വന്തമാക്കാനായി. ഗ്രൂപ്പ് ബിയിൽ വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ഇംഗ്ളണ്ട് എന്നിവർക്ക് ആറു പോയിന്റ് വീതമാണ് ഉണ്ടായിരുന്നത്. എന്നാൽ റൺറേറ്റിൽ ഒന്നാമത് വിൻഡീസും രണ്ടാമത് ദക്ഷിണാഫ്രിക്കയുമായിരുന്നു. ഇംഗ്ളണ്ട് മൂന്നാമതായിപ്പോയി.

6

തവണ കിരീടം നേടിയവരാണ് ഓസ്ട്രേലിയൻ ടീം. ആദ്യ ലോകകപ്പ് നടന്ന 2009ലും 2016ലും മാത്രമാണ് ഓസീസിന് കിരീ‌ടം നഷ്‌ടമായത്.2009ൽ ഇംഗ്ളണ്ടും 2016ൽ വിൻഡീസുമാണ് കിരീ‌ടം നേടിയത്.