gold

കൊച്ചി: പുതിയ റെക്കാ‌ഡ‌ുകളും കീഴടക്കി സ്വർണം മുന്നോട്ട് കുതിക്കുകയാണ്. ഇന്നലെ 360 രൂപ ഉയ‍ർന്ന് പവൻ വില 57,​ 120 രൂപയായി. ഗ്രാമിന് 45 രൂപ കൂടി 7140 രൂപയായി. ഒരു പവൻ സ്വർണാഭരണം വാങ്ങാൻ നികുതിയടക്കം 62,​000 രൂപയോളമാകും. രാജ്യാന്തര വില ഉയർന്നതിന്റെ ചുവട് പിടിച്ചാണ് കേരളത്തിലും സ്വർണവില കൂടിയത്. 18 കാരറ്റ് സ്വർണവിലയും റെക്കാഡിലാണ്. 35 രൂപ ഉയ‍ർന്ന് 5900 രൂപയാണ് ഇതിന്റെ വില. രാജ്യാന്തര വില ഔൺസിന് 2677 ഡോളറായി. കഴിഞ്ഞ ദിവസം 2645 ഡോളറിന് താഴെയായിരുന്നു വില. ആഗോളതലത്തിലെ വിവിധഘടകങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷിത നിക്ഷേപമെന്ന പേരാണ് സ്വർണത്തിന്റെ ഡിമാൻഡ് വർദ്ധിപ്പിക്കുന്നത്.

വില ഉയർത്തുന്ന ഘടകങ്ങൾ

അമേരിക്ക അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത

 ചൈന പ്രഖ്യാപിക്കാനിരിക്കുന്ന ഉത്തേജക പാക്കേജുകൾ

ആഗോളതലത്തിൽ ഓഹരിവിപണി നേരിടുന്ന സമ്മർദ്ദം
ആഗോള തലത്തിലുള്ള സാമ്പത്തിക പ്രതിസന്ധി

പശ്ചിമേഷ്യയിലെ സംഘർഷം
നാണയപ്പെരുപ്പ ഭീഷണി

വിപണി താഴോട്ട്

ഐടി,​ ഓട്ടോ ഓഹരികളുടെ കനത്ത വില്പനയുടെ ഫലമായി ഇന്ത്യൻ ഓഹരി വിപണി ഇന്നലെ അവസാനിച്ചത് നഷ്ടത്തിൽ. സെൻസെക്സ് 319 പോയിന്റിടിഞ്ഞ് 81,​501ലാണ് അവസാനിച്ചത്. നിഫ്ടിയാകട്ടെ 86 പോയിന്റിടിഞ്ഞ് 24971ൽ അവസാനിച്ചു. അതേസമയം,​ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ വർധിച്ച് 84 എന്ന നിലയിൽ ശക്തി പ്രാപിച്ചു.