
മുള്‍ട്ടാന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന് മേല്‍ക്കൈ. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 366ന് മറുപടിയായി ആറ് വിക്കറ്റുകള്‍ നഷ്ടത്തില്‍ 239 എന്ന നിലയിലാണ് ഇംഗ്ലണ്ട്. 211ന് രണ്ട് എന്ന ശക്തമായ നിലയില്‍ നിന്നാണ് ഇംഗ്ലീഷ് തകര്‍ച്ച. വിക്കറ്റ് കീപ്പര്‍ ജേമി സ്മിത്ത് (12*), ബ്രൈഡന്‍ കാര്‍സ് (2*) എന്നിവരാണ് ക്രീസില്‍. നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ സാജിദ് ഖാന്‍ ആണ് അവസാന സെഷനില്‍ പാകിസ്ഥാനെ മികച്ച നിലയില്‍ എത്തിച്ചത്.
സെഞ്ച്വറി നേടിയ ഓപ്പണര്‍ ബെന്‍ ഡക്കറ്റ് (114) നല്‍കിയ തുടക്കത്തില്‍ കുതിക്കുകയായിരുന്നു ഇംഗ്ലണ്ട്. സാക് ക്രൗളി (27), ഒലി പോപ്പ് (29), ജോ റൂട്ട് (34), ഹാരി ബ്രൂക്ക് (9), ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സ് (1) എന്നിവരുടെ വിക്കറ്റുകളാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. പാകിസ്ഥാന് വേണ്ട് നോമാന്‍ അലി രണ്ട് വിക്കറ്റുകളും വീഴ്ത്തി. നേരത്തെ ഒന്നാം ദിവസത്തെ സ്‌കോറായ 259-5 എന്ന നിലയില്‍ രണ്ടാം ദിന കളി ആരംഭിച്ച പാകിസ്ഥാന്‍ 107 റണ്‍സാണ് അവസാന അഞ്ച് വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.
വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍ (41), ആഗ സല്‍മാന്‍ (31), ആമിര്‍ ജമാല്‍ (37) സാജിദ് ഖാന്‍ (2), നോമാന്‍ അലി (32) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് രണ്ടാം ദിനം നഷ്ടമായത്. സാഹിദ് മഹ്മൂദ് (2) റണ്‍സ് നേടി പുറത്താകാതെ നിന്നു. ഒന്നാം ദിനത്തില്‍ അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന കമ്രാന്‍ ഗുലാം പാകിസ്ഥാന് വേണ്ടി സെഞ്ച്വറി (118) നേടിയിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി സ്പിന്നര്‍ ജാക്ക് ലീച്ച് നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ബ്രൈഡന്‍ കാര്‍സ് മൂന്ന് വിക്കറ്റുകളും മാത്യു പോട്‌സ് രണ്ട് വിക്കറ്റുകളും വീഴ്ത്തി. ഷൊയ്ബ് ബഷീറിന് ഒരു വിക്കറ്റ് ലഭിച്ചു. പരമ്പരയില്‍ ഇംഗ്ലണ്ട് (1-0) മുന്നിലാണ്.