d

മുംബയ്: സുഹൃത്തിനോടുള്ള പ്രതികാരം തീർക്കാൻ വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി നടത്തിയ 17കാരൻ അറസ്റ്റിൽ. ഛത്തീസ്ഗഢിലെ രാജ്നന്ദ്ഗാവിൽ നിന്നായിരുന്നു അറസ്റ്ര്. ഇയാളെയും പിതാവിനെയും ചോദ്യം ചെയ്തുവരികയാണ്.

സമൂഹ മാദ്ധ്യമത്തിൽ സുഹൃത്തിന്റെ പേരിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ചായിരുന്നു ഭീഷണിപ്പെടുത്തൽ. തിങ്കളാഴ്ച കുറഞ്ഞത് 19 ഭീഷണികളെങ്കിലും മുഴക്കിയിട്ടുണ്ട്. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം രണ്ട് വിമാനങ്ങൾ വൈകുകയും ഒരെണ്ണം റദ്ദാക്കുകയും ചെയ്‌തിരുന്നു. സുഹൃത്തുമായുള്ള സാമ്പത്തിക തർക്കമാണ് വൈരാഗ്യത്തിനു പിന്നിൽ. എക്സ് അക്കൗണ്ടിൽ സുഹൃത്തിന്റെ പേരിൽ വ്യാജ അക്കൗണ്ട് തുടങ്ങി ഭീഷണിപ്പെടുത്തുകയായിരുന്നു. ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം, മസ്‌കറ്റിലേക്കും ജിദ്ദയിലേക്കും പോകേണ്ട ഇൻഡിഗോ വിമാനം എന്നിവയെല്ലാം ഭീഷണിയെ തുടർന്ന് മണിക്കൂറോളം വൈകിയിരുന്നു.
ഭീഷണികൾക്ക് പിന്നിൽ മറ്റ് ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.

അതിനിടെ വിമാനങ്ങൾക്കുനേരെ തുടർച്ചയായുണ്ടാകുന്ന ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഗതാഗത പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ചേർന്നു. കഴിഞ്ഞ രണ്ടുദിവസത്തിനിടെ 12 വിമാനങ്ങൾക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയർന്നത്. ഇന്നലെ ബംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയർ, മുംബയിലേക്ക് പുറപ്പെട്ട ഇൻഡിഗോ എന്നിവയ്ക്ക് നേരെയും ഭീഷണിയുണ്ടായി. തുടർന്ന് ഇരുവിമാനങ്ങളും ഡൽഹിയിലും അഹമ്മദാബാദിലും അടിയന്തര ലാൻഡിംഗ് നടത്തി.