govt

തിരുവനന്തപുരം: സിവിൽ സർവീസിൽ അഴിമതി രഹിതമായി പ്രവർത്തിക്കുന്ന ജീവനക്കാരെ സർക്കാർ വേട്ടയാടുകയാണെന്നും അതിന്റ ഏറ്റവും പുതിയ ഉദാഹരണമാണ് കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയെന്നും കെപിസിസി ജനറൽ സെക്രട്ടറി എം ലിജു അഭിപ്രായപ്പെട്ടു. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിച്ചെന്നാരോപിച്ച് കേരള എൻ ജി ഒ അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന 'കുറ്റപത്രം നൽകൽ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ വിധേയത്വം കാണിക്കാത്ത ജീവനക്കാർക്ക് എതിരെ വ്യാജ ആരോപണങ്ങൾ ഉയർത്തി അവരെ ഒറ്റപ്പെടുത്തി ആക്രമിക്കുകയാണ്. സർവ്വ മേഖലയിലും അഴിമതിയിൽ മുങ്ങി നിൽക്കുന്ന ഒരു സർക്കാരാണെന്നും സിവിൽ സർവീസിനെ പോലും ചോരയിൽ മുക്കുന്ന ഭരണമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു. നവീൻ ബാബുവിന്റെ മരണം ആത്മഹത്യയല്ല ഭരണകൂടവും അതിന്റെ പിണിയാളുകളും സ്‌പോൺസർ ചെയ്ത കൊലപാതകമാണ്.

കഴിഞ്ഞ എട്ടര വർഷക്കാലവും ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുത്ത ചരിത്രമാണ് പിണറായി വിജയൻ സർക്കാരിനുള്ളത്.

സർക്കാരിന് സാമ്പത്തിക പ്രതിസന്ധി ഇല്ല എന്ന് ധനമന്ത്രി ആവർത്തിച്ചാവർത്തിച്ച് പറയുന്നുവെങ്കിലും ഏഴ് ഗഡുക്കളിൽ ആയി 22% ക്ഷാമബത്ത കുടിശികയാണ്.

സർക്കാർ സർവീസിലെ ഏറ്റവും കുറഞ്ഞ ശമ്പളം വാങ്ങുന്ന പാർട്ട് ടൈം ജീവനക്കാരും ക്ലാസ് ഫോർ തസ്തികയിലെ ജീവനക്കാരും നിലവിലെ ശമ്പളം കൊണ്ട് എങ്ങനെയാണ് ജീവിക്കുന്നത് എന്ന് സർക്കാർ ആലോചിക്കണം. ജീവനക്കാരുടെ അമ്പതിനായിരം കോടി രൂപ തടഞ്ഞു വച്ചിട്ടാണ് ഇവിടെ സാമ്പത്തിക പ്രതിസന്ധി ഇല്ലെന്ന് പറയുന്നത്. കേരളത്തിന്റെ സമ്പത്ത് കൊള്ളയടിക്കാൻ കൂട്ടുനിൽക്കുന്ന ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവരെയും ഭരണാധികാരികളെയും പ്രോസിക്യൂട്ട് ചെയ്യാൻ തയ്യാറാവണം.

ജീവനക്കാർക്ക് അർഹതപ്പെട്ട 2019ലെ പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിന്റെ കുടിശികയിൽ ഒരു രൂപ പോലും ഇതേവരെ നൽകിയിട്ടില്ല. ലീവ് സറണ്ടർ ലഭിച്ചിട്ട് 5 വർഷമായി. ജീവനക്കാരിൽ നിന്നും പണം പിരിച്ച് നടത്തുന്ന മെഡിസപ്പ് പദ്ധതിയിൽ ആവശ്യത്തിന് ആശുപത്രിയും ഇല്ല ചികിത്സയും ഇല്ല എന്ന അവസ്ഥയാണ്. ക്ഷാമബത്ത കുടിശിക ഏഴ് ഗഡുക്കളിൽ ആയി 22 ശതമാനമായി ഉയർന്നു.

സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജി. സുബോധൻ, എ.എം. ജാഫർ ഖാൻ ,എം. എസ്. ഇർഷാദ്, കെ .സി. സുബ്രഹ്മണ്യൻ,ആർ .എസ്. പ്രശാന്ത്കുമാർ, വി.എസ്. രാകേഷ് , എം .എസ്. അജിത് കുമാർ, ജോർജ് ആന്റണി, സി . ഷാജി, ഷാബുജാൻ എന്നിവർ സംസാരിച്ചു.