cricket

മൊഹാലി: ചണ്ഡീഗഡിനെതിരായ സി.കെ നായ്ഡു ട്രോഫി ക്രിക്കറ്റിൽ കേരളത്തിന്ഏഴ് വിക്കറ്റ് തോൽവി. ഇന്നലെ 123 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ചണ്ഡീഗഡ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു.

ആദ്യ ബാറ്റിംഗിനിറങ്ങിയ കേരളം ഒന്നാം ഇന്നിംഗ്സിൽ 384 റൺസിന് പുറത്തായിരുന്നു. 196 പന്തിൽ 165 റൺസടിച്ച ഷോൺ റോജർ, 74 റൺസ് നേടിയ ആസിഫ് അലി, 41 റൺസ് നേടിയ അഭിഷേക് ജെ.നായർ എന്നിവരുടെ പോരാട്ടമാണ് കേരളത്തെ ഈ സ്കോറിലെത്തിച്ചത്. ചണ്ഡീഗഡിനായി ഇവ്‌‌രാജ് റനൗട്ട് ഏഴു വിക്കറ്റ് വീഴ്ത്തി.ആദ്യ ഇന്നിംഗ്സിൽ ചണ്ഡീഗഡ് 412 റൺസ് അടിച്ചെടുത്തു. ഇതോടെ 28 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കേരളം 150 റൺസിൽ ആൾഔട്ടായി.

കിരൺ സാഗറിന് ആറുവിക്കറ്റ്

ചണ്ഡീഗഡിനെതിരായ മത്സരത്തിൽ കേരളത്തിനായി ലെഗ് സ്പിന്നർ കിരൺ സാഗർ ആറുവിക്കറ്റ് വീഴ്ത്തി. കേരളത്തിന്റെ യുവനിരയിൽ സമീപ കാത്ത് സ്ഥിരതയാർന്ന പ്രകടനം കാഴ്ച വയ്ക്കുന്ന താരങ്ങളിൽ ഒരാളാണ് കിരൺ. അണ്ടർ 16, അണ്ടർ 19 വിഭാഗങ്ങളിൽ ബാംഗ്ലൂരിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ ക്യാമ്പുകളിലേക്ക് കിരൺ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
തൃശൂർ അത്താണി സ്വദേശിയായ വിദ്യാസാഗറിന്റെയും നിത്യയുടെയും മകനാണ് കിരൺ. സെബാസ്റ്റ്യൻ ആന്റണി, ഡേവിസ് ജെ മണവാളൻ, സന്തോഷ് എന്നിവരാണ് പരിശീലകർ. സ്വാന്റൺ, ട്രൈഡന്റ് ക്ലബ്ബുകൾക്ക് വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. വിവിധ ഏജ് ഗ്രൂപ്പുകളിൽ കേരളത്തിനായി കളിച്ചിട്ടുള്ള കിരൺ കഴിഞ്ഞ സീസണിലും സി.കെ നായിഡു ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു.