
പ്രവാസി വ്യവസായിയായ എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പിന് കേരളത്തില്‍ നാല് മാളുകളാണുള്ളത്. ഇതില്‍ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലാണ് വലിയ മാളുകളുള്ളത്. കോഴിക്കോട്, പാലക്കാട് നഗരങ്ങളിലേത് ചെറിയ മാളുകളാണ്. ലുലു ഗ്രൂപ്പിന്റെ മാളുകളില്‍ കൂടുതലും പ്രവര്‍ത്തിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളിലാണ്. കേരളത്തെക്കാള്‍ വലുപ്പത്തില്‍ ചെറിയ ഗള്‍ഫ് രാജ്യമായ ഖത്തറില്‍ ലുലുവിന്റെ 24ാം ഔട്ട്‌ലെറ്റ് കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ചു.
ഉംഅല്‍ അമദിലെ നോര്‍ത്ത് പ്ലാസ മാളിലാണ് പുതിയ ഔട്ട്ലെറ്റ്. ലുലുഗ്രൂപ്പിന്റെ 273മത്തെ ഹൈപ്പര്‍മാര്‍ക്കറ്റാണ് ഇത്. കേരളത്തിന്റെ വലുപ്പമില്ലാത്ത ഖത്തറില്‍ ഇത്രയധികം ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ ലുലു ഗ്രൂപ്പിനെ പ്രേരിപ്പിച്ചത് എന്താണ് എന്ന് ചോദിച്ചാല്‍ അതിന് ഉത്തരം ഉയര്‍ന്ന വാങ്ങല്‍ ശേഷിയുണ്ട് ഖത്തര്‍ ജനതയ്ക്ക് എന്നത് തന്നെയാണ്. പ്രതിശീര്‍ഷ വരുമാനത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ആദ്യ പത്തിലാണ് ഖത്തറിന്റെ സ്ഥാനം. 1,12,280 ഡോളറാണ് ഖത്തറിന്റെ ആളോഹരി വരുമാനം.
ഖത്തറിന്റെ പ്രതിശീര്‍ഷ വരുമാനം ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയല്‍ അത് 94 ലക്ഷത്തില്‍ അധികമാണ്. ഖത്തറില്‍ താമസിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളും വാങ്ങല്‍ശേഷിയില്‍ മുന്നിലാണ്. കേരളത്തില്‍ ഉള്ളതിലേറെ ഔട്ട്ലെറ്റുകള്‍ ഖത്തറില്‍ വരാനുള്ള കാരണവും ഇതുതന്നെയാണ്. ഖത്തറില്‍ മൂന്നു പുതിയ സ്റ്റോറുകള്‍ ഉടന്‍ തുറക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി അറിയിച്ചു. ഇതില്‍ ഒരെണ്ണം ഈ വര്‍ഷം തന്നെ പ്രവര്‍ത്തനം ആരംഭിക്കും. മറ്റ് രണ്ടെണ്ണം അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും. ഇതോടെ രാജ്യത്തെ ആകെ ഔട്ട്‌ലെറ്റുകളുടെ എണ്ണം 27 ആയി ഉയരും.