congress

തിരുവനന്തപുരം: മാർക്സിസ്റ്റ് പാർട്ടി നേതാക്കളുടെ അഹങ്കാര രാഷ്ട്രീയത്തിൻ്റെ ഇരയാണ് ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബു. അധികാരത്തിൻ്റെ ലഹരിയിൽ മദോൻ മത്തരായവർ മനുഷ്യരെ വാക്കുകൊണ്ടും കൊല്ലുകയാണ് എന്ന് ഐക്യജനാധിപത്യ മുന്നണി കൺവീനർ എം എം ഹസ്സൻ പറഞ്ഞു. അധികാരസ്ഥാനത്തിരിക്കുന്നവർ സാധാരണ ഔചിത്യപൂർവ്വമാണ് പെരുമാറുക. ഒരു ഉദ്യോഗസ്ഥനെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന തരത്തിൽ ഇടപെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് എം.എം.ഹസ്സൻ ആവശ്യപ്പെട്ടു.

എഡിഎം അഴിമതിക്കാരൻ അല്ല എന്ന് റവന്യൂ മന്ത്രി പറഞ്ഞു കഴിഞ്ഞു. കളക്ടറെ നിസ്സഹായനാക്കിക്കൊണ്ട് ക്ഷണമില്ലാത്ത യോഗത്തിൽ അവർ നടത്തിയ അനാവശ്യ പരാമർശങ്ങൾക്കെതിരെ കേസ് കൊടുക്കുമെന്ന് പറഞ്ഞിരിക്കുന്നത് സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണെന്നത് അവർ കുറ്റക്കാരിയാണെന്നതിൻ്റെ വ്യക്തമായ തെളിവാണെന്നും എം എം ഹസ്സൻ കൂട്ടിച്ചേർത്തു.ഡി സി സി പ്രസിഡൻ്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജി.സുബോധൻ, എം എം.നസീർ, പി.കെ.വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.

ചെമ്പഴന്തി അനിൽ, ആറ്റി പ്ര അനിൽ, കെ.എസ്.ഗോപകുമാർ, ആർ.വി.രാജേഷ്, ശാസ്തമംഗലം മോഹനൻ, ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ, ബ്ളോക്ക് പ്രസിഡൻ്റുമാർ മണ്ഡലം പ്രസിഡൻ്റ്മാർ തുടങ്ങിയവർ പങ്കെടുത്തു.നേരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച പ്രകടനം സെക്രട്ടറിയേറ്റിന് മുന്നിൽ സമാപിച്ചു.