
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ പി. സരിന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. സിപിഎം നേതാക്കളെ സരിന്‍ ഇക്കാര്യത്തില്‍ തന്റെ സമ്മതം അറിയിച്ചുവെന്നാണ് വിവരം. പാര്‍ട്ടി ചിഹ്നത്തിലായിരിക്കില്ല മറിച്ച് ഇടത് സ്വതന്ത്രനായിട്ടാകും സരിന്‍ പാലക്കാട് മത്സരിക്കുക. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ചതിലെ എതിര്‍പ്പ് പരസ്യമാക്കി കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ കണ്‍വീനറായ സരിന്‍ നേരത്തെ രംഗത്ത് വന്നിരുന്നു.
സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നാളെ തന്നെ ഉണ്ടാകുമെന്നാണ് സൂചന. സരിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ ബുധനാഴ്ച വൈകുന്നേരം ചേര്‍ന്ന സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. സരിനെ ഒപ്പം കൂട്ടിയാല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് സിപിഎം വിലയിരുത്തല്‍. 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സിപിഎം മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്താണ്. ഇവിടേക്കാണ് കോണ്‍ഗ്രസിന്റെ ഒരു യുവ നേതാവിനെ തന്നെ സിപിഎം മത്സരിപ്പിക്കുന്നത്. സരിന്‍ നാളെ മാദ്ധ്യമങ്ങളെ കാണുന്നുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തില്‍ തോറ്റാല്‍ അത് രാഹുല്‍ ഗാന്ധിയുടെ പരാജയമാകുമെന്നാണ് തുറന്നടിച്ചത്. സ്ഥാനാര്‍ഥി പട്ടികയില്‍ തിരുത്തലുണ്ടായില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചര്‍ച്ച പ്രഹസനമായിരുന്നെന്നും പി സരിന്‍ ആരോപിച്ചിരുന്നു. പാര്‍ട്ടി വരുതിയിലായെന്ന് വിശ്വസിക്കുന്നവരെ ആരും തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിച്ചുപോകുമോയെന്ന ഉള്‍ഭയമുണ്ട്. 2026ലെ സെമി ഫൈനലാണെന്നൊക്കെ പറയുന്നവരുണ്ട്. തോറ്റാല്‍ എന്ത് ചെയ്യുമെന്ന് സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചിരുന്നു.
അതേസമയം സരിനെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്ത് വന്നിരുന്നു. സരിന്‍ ഇത്തരത്തില്‍ പ്രതികരിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ല. വൈകാരികമായി പ്രതികരികരിക്കരുതെന്ന് അപേക്ഷിച്ചതാണ്. പ്രത്യാഘാതം എന്തായാലും നേരിടുമെന്നും വി ഡി സതീശന്‍ പറഞ്ഞു. തിരുവല്ലയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ മാങ്കൂട്ടത്തില്‍ മിടുക്കനായ സ്ഥാനാര്‍ത്ഥിയാണെന്നും സതീശന്‍ പറഞ്ഞിരുന്നു. സരിന് അനുകൂലമായ പ്രസ്താവനകളാണ് സിപിഎം നേതാക്കള്‍ നടത്തിയതും.