railway

തിരുവനന്തപുരം: കേരളത്തില്‍ റെയില്‍വേ നടപ്പിലാക്കുന്ന വമ്പന്‍ പദ്ധതിയാണ് തിരുവനന്തപുരം സൗത്ത് (നേമം) റെയില്‍വേ ടെര്‍മിനല്‍ നിര്‍മാണം. ഒന്നാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയുമാണ്. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ തിരക്ക് കുറയുകയും ഒപ്പം കേരളത്തിന് കൂടുതല്‍ ട്രെയിനുകള്‍ ലഭിക്കുകയും ചെയ്യും എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ ഗുണം. എന്നാല്‍ രണ്ട് ഘട്ടങ്ങളായി തീരുമാനിച്ചിരിക്കുന്ന പദ്ധതി ഇപ്പോഴത്തെ നിലയില്‍ മുന്നോട്ട് പോയാല്‍ റെയില്‍വേക്ക് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഒന്നും രണ്ടും ഘട്ടങ്ങള്‍ ഒരുമിച്ച് പൂര്‍ത്തിയായാല്‍ മാത്രമേ പദ്ധതി കൊണ്ട് പ്രതീക്ഷിക്കുന്ന നേട്ടമുണ്ടാക്കാന്‍ സാധിക്കുകയുള്ളൂ. ട്രെയിന്‍ അറ്റകുറ്റപ്പണിക്കു വേണ്ട 5 പിറ്റ്ലൈനുകള്‍,അറ്റകുറ്റപ്പണി കഴിഞ്ഞ ട്രെയിനുകള്‍ നിര്‍ത്താനാവശ്യമായ 10 സ്റ്റേബിളിങ് ലൈനുകള്‍ എന്നിവയാണു നേമം മാസ്റ്റര്‍ പ്ലാനിലുണ്ടായിരുന്നത്. എന്നാല്‍, റെയില്‍വേ ബോര്‍ഡ് അനുമതി ലഭിച്ചത് 2 പിറ്റ്ലൈനുകള്‍ക്കും 4 സ്റ്റേബിളിങ് ലൈനുകള്‍ക്കുമാണ്. ഇവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഇതോടൊപ്പം സിക്ക്‌ലൈന്‍ ഷെഡും നിര്‍മിക്കുന്നുണ്ട്.

സിക്ക്‌ലൈന്‍ ഷെഡ് നിര്‍മിച്ച് കഴിഞ്ഞാല്‍ ഭാവിയില്‍ പിറ്റ്‌ലൈനുകളുടെ എണ്ണം ഉയര്‍ത്താന്‍ സാധിക്കില്ല. ഒന്നാം ഘട്ടത്തിന് 117 കോടി രൂപയാണു റെയില്‍വേ ബോര്‍ഡ് അനുവദിച്ചത്. രണ്ടാം ഘട്ടത്തിന് ഭൂമിയേറ്റെടുക്കാന്‍ 100 കോടി രൂപയും പിറ്റ്ലൈനുകളുടെയും സ്റ്റേബിളിങ് ലൈനുകളുടെയും നിര്‍മാണത്തിന് 30 കോടി രൂപയും ഉള്‍പ്പെടെ 130 കോടി രൂപ വേണം. എന്നാല്‍, രണ്ടാം ഘട്ടത്തിന്റെ ഡിപിആര്‍ തയ്യാറാക്കാനുള്ള അനുമതി പോലും റെയില്‍വേ ബോര്‍ഡ് ഇനിയും നല്‍കിയിട്ടില്ല.

കേരളത്തിന് ഉദ്ദേശിച്ച ഫലം ലഭിക്കണമെങ്കില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ശക്തമാക്കേണ്ടി വരും. സാമ്പത്തിക നഷ്ടമെന്ന ഘട്ടം ഒഴിവാക്കാനായി രണ്ടാം ഘട്ടം ഒഴിവാക്കാന്‍ റെയില്‍വേ തീരുമാനിച്ചാല്‍ പകുതി മാത്രം പൂര്‍ത്തിയായ ടെര്‍മിനലാകും കേരളത്തിന് ലഭിക്കുക.