
തിരുവനന്തപുരം : കണ്ണൂരിലെ ചെങ്ങളായിയിൽ പെട്രോൾ പമ്പിന് എൻ.ഒ.സി ലഭിച്ചതിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നതിൽ പരിശോധനയുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിർദ്ദേശത്തെ തുടർന്നാണ് അന്വേഷണം. പമ്പിന് വിവിധ അനുമതികൾ ലഭിച്ചതിൽ ക്രമക്കേട് ഉണ്ടോ എന്നതിലാണ് അന്വേഷണം നടത്തുന്നത്. പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ട്രീഷ്യനും സി.പി.എം സർവീസ് സംഘടനാ അംഗവുമായ പ്രശാന്തനാണ് പമ്പിന്റെ അനുമതിക്കായി അധികൃതരെ സമീപിച്ചത്. പ്രശാന്തന് എങ്ങനെ ഇത്രയേറെ തുക മുടക്കി പെട്രോൾ പമ്പ് തുടങ്ങാൻ കഴിയുമെന്ന കാര്യത്തിൽ പ്രതിപക്ഷ സംഘടനകൾ ദുരൂഹത ആരോപിച്ചിരുന്നു.
യാത്ര അയപ്പ് യോഗത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പരസ്യ വിമർശനം നടത്തിയതിൽ മനംനൊന്ത് എ.ഡി.എം കെ. നവീൻ ബാബു (55) ജീവനൊടുക്കിയിരുന്നു. ചെങ്ങളായിയിൽ പെട്രോൾ പമ്പിന് എൻ.ഒ.സി നൽകുന്നതിന് മാസങ്ങൾ വൈകിച്ചുവെന്നും അവസാനം എങ്ങനെ കൊടുത്തുവെന്ന് അറിയാമെന്നും 2 ദിവസത്തിനകം കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നുമാണ് ദിവ്യ പറഞ്ഞത്. ഇതിന് പിന്നാലെയാണ് എ.ഡി.എം ആത്മഹത്യ ചെയ്തത്.,
പെട്രോൾ പമ്പിന് അനുമതി നൽകാൻ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും പലയിടത്തുനിന്നായി സംഘടിപ്പിച്ച 98,500 രൂപ കൊടുത്തുവെന്നും പണം തന്നില്ലെങ്കിൽ പമ്പിന് അനുമതി ലഭിക്കാത്ത തരത്തിൽ ആക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും .പ്രശാന്തൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞ പത്തിന് നൽകിയെന്നു പറയുന്ന പരാതിയിൽ ആരോപിക്കുന്നു. പ്രശാന്തൻ പരിയാരം മെഡിക്കൽ കോളേജിലെ കരാർ തൊഴിലാളിയായിരുന്നു. മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തതോടെ അടുത്തിടെ അവിടെ ജീവനക്കാരനായി. ശ്രീകണ്ഠാപുരം ചെങ്ങളായിയിൽ പള്ളി വക സ്ഥലം 20 വർഷത്തേക്ക് പാട്ടത്തിനെടുത്താണ് പ്രശാന്തൻ പെട്രോൾ പമ്പ് തുടങ്ങാനായി അനുമതി തേടിയത്.