k

തൊടുപുഴ: ഇടുക്കിയിലെ ചെറുകിട കർഷകരുടെ വയറ്റത്തടിച്ച് തമിഴ്നാട്ടിൽ നിന്ന് നിലവാരം കുറഞ്ഞ തേയില വ്യാപകമായി അതിർത്തി കടന്നെത്തുന്നു. ഊട്ടിയടക്കമുള്ള സ്ഥലങ്ങളിൽ നിന്നുള്ള തേയിലയാണ് കൊളുന്ത് വ്യാപാരികൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി നാട്ടിലെ ഫാക്ടറികളിലെത്തിക്കുന്നത്. കേരളത്തിലെ മൂന്നാറടക്കമുള്ള തോട്ടങ്ങളിൽ ഉത്പാദിപ്പിക്കുന്ന തേയിലയുടെ നാലിലൊന്ന് പോലും ഗുണമേന്മയില്ലാത്തവയാണ് ചെക്പോസ്റ്റുകളിൽ പരിശോധനകളൊന്നുമില്ലാതെ എത്തുന്നത്.

സംസ്കരണവേളയിൽ ഇവ നാടൻ തേയിലയ്ക്കൊപ്പം കലർത്തി കൊള്ളലാഭം കൊയ്യുകയാണ് കമ്പനികൾ. ഇടുക്കിയിലെ ചെറുകിട കർഷകരുടെ തേയില വാങ്ങാൻ ഫാക്ടറികൾ തയ്യാറാകാത്ത സ്ഥിതിയാണ്. അഥവാ വാങ്ങിയാൽ ഉത്പാദന ചെലവ് പോലും നൽകാൻ തയ്യാറാകുന്നുമില്ല.

ഇടപെടാതെ ടീ ബോർഡ്

ടീ ബോർഡാണ് തേയിലയുടെ വില നിശ്ചയിക്കുന്നത്. ഒരു കിലോ ഉത്പാദിപ്പിക്കാൻ 13- 14 രൂപ ചെലവ് വരും. മുൻ വർഷങ്ങളിൽ 20 മുതൽ 25 രൂപ വരെ പച്ചക്കൊളുന്തിന് ലഭിച്ചിരുന്നു. ഇപ്പോൾ 11 മുതൽ 15 രൂപ വരെയാണ് കർഷകന് കിട്ടുന്നത്. ചെറുകിട കർഷകരുടെ കൈയിൽ നിന്ന് നിസാര വിലയ്ക്ക് വാങ്ങുന്ന പച്ചക്കൊളുന്ത് ഏജൻസികൾ ഫാക്ടറികൾക്ക് നൽകുന്നത് കിലോയ്ക്ക് 22 മുതൽ 25 രൂപ വരെ വിലയ്ക്കാണ്. ചെറുകിട കർഷകർ നേരിട്ടെത്തിച്ചാൽ രജിസ്‌ട്രേഷനില്ലെന്ന കാരണം പറഞ്ഞ് ഫാക്ടറികൾ കൊളുന്ത് വാങ്ങുകയുമില്ല. കർഷകരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കേണ്ട തേയില ബോർഡും ഇക്കാര്യത്തിൽ ഇടപെടാറില്ല.

20,000 കർഷകർ - ചെറുകിട തേയില കർഷക ഫെഡറേഷന്റെ കണക്കനുസരിച്ച് ഇടുക്കി ജില്ലയിലെചെറുകിട തേയില കർഷകർ.

ഇടുക്കി ജില്ലയിൽ തേയില കൃഷി കൂടുതലുള്ളയിടം

മൂന്നാർ,​ പീരുമേട്, ദേവികുളം, ഇടുക്കി

തമിഴ്നാട്ടിൽ നിന്നുള്ള തേയില കടത്തുന്നത് സംബന്ധിച്ച് കർഷകർ ടീ ബോർഡിനടക്കം പലതവണ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇത് തടയാൻ യാതൊരു നടപടിയും അധികൃതർ സ്വകരിക്കുന്നില്ല

വൈ.സി. സ്റ്റീഫൻ

ചെറുകിട തേയില കർഷക ഫെറേഷൻ പ്രസിഡന്റ്‌